കൊടകരയില്‍ ഇഡിയ്ക്ക് നിഷ്പക്ഷത ഇല്ലെന്നു തെളിഞ്ഞു; കരുവന്നുരിലെ സി പി എം നേതാക്കളെയും ഇ ഡി രക്ഷിക്കുമെന്നും വിഡി സതീശന്‍

Jaihind News Bureau
Wednesday, March 26, 2025

ഇ ഡി യ്ക്ക് നിഷ്പക്ഷത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊടകരയില്‍ ഇ ഡി യ്ക്ക് നിഷ്പക്ഷതയുണ്ടായില്ലെന്നും ധര്‍മരാജന്‍ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നു, എവിടേക്ക് കൊണ്ടു പോയി എന്ന് അറിയണമെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ ബി ജെ പി നേതാക്കളെ സംരക്ഷിക്കുകയാണ് ഇ ഡി. കരുവന്നുരില്‍
സി പി എം നേതാക്കളെയും ഇതുപോലെ ഇ ഡി രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എം എല്‍ ആക്ട് അനുസരിച്ച് ഈ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള പൊലീസിന്റെ നിഗമനങ്ങളും കുറ്റപത്രവും തള്ളിയാണ് കൊടകര കുഴല്‍പണക്കവര്‍ച്ച കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കിയിരിക്കുന്നയത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് കൊണ്ടുവന്ന പണം എന്ന പൊലീസിന്റെ കണ്ടെത്തലാണ് അന്വേഷണ ഏജന്‍സി തള്ളിയത്. വിഷയത്തില്‍ രാഷ്ട്രീയ ബന്ധത്തിലേക്കു കടക്കാതെ ബിജെപി അംഗങ്ങളുടെ പേരുകള്‍ ഇല്ലാതെയാണ് ഇ.ഡിയുടെ കുറ്റപത്രം.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതൃത്വത്തിന്റെ അറിവോടെ കര്‍ണാടകയില്‍നിന്ന് ഹവാല ഇടപാടുകാര്‍ വഴി കൊണ്ടുവന്ന പണത്തില്‍ 3.5 കോടി രൂപ കൊടകരയില്‍ വച്ച് വ്യാജ വാഹനാപകടം സൃഷ്ടിച്ച് കവര്‍ന്നതായാണ് സംസ്ഥാന പൊലീസിന്റെ കണ്ടെത്തല്‍ . കോഴിക്കോട് സ്വദേശി ധര്‍മരാജന്റെ നേതൃത്വത്തില്‍ പണം കൊണ്ടുവന്നതായാണ് പറയുന്നത്. എന്നാല്‍ ട്രാവന്‍കൂര്‍ പാലസ് ഹോട്ടല്‍ വക ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാന്‍ ധര്‍മരാജന്‍ ഡ്രൈവര്‍ ഷാംജീര്‍ വശം കാറില്‍ കൊടുത്തുവിട്ട 3.56 കോടിരൂപ പ്രതികള്‍ കൊള്ളയടിച്ചെന്നാണ് ഇ.ഡി കുറ്റപത്രം. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജന്‍ ഹാജരാക്കിയെന്നും കൊള്ള മുതലില്‍ പൊലീസ് വീണ്ടെടുത്ത 1.88 കോടി രൂപയ്ക്കു പുറമേ പ്രതികളുടെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുവകകളും ഇ.ഡി കണ്ടുകെട്ടിയതായും കുറ്റപത്രം പറയുന്നു.

രണ്ടു കുറ്റപത്രങ്ങളിലെ ഭിന്നതയുള്ള കണ്ടെത്തലുകളും പരസ്പര വിരുദ്ധമായ കണ്ടെത്തലുകളും പ്രോസിക്യൂഷന്‍ കേസുകളെ ദുര്‍ബലമാക്കുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണ സംഘവുമായി ഇ.ഡി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല. പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള അബ്ദുല്‍ ഷഹീദിന്റെ ഭാര്യ ജിന്‍ഷമോളെ പ്രതിചേര്‍ത്തതു മാത്രമാണ് ഇ.ഡി പ്രതിപ്പട്ടികയിലെ ഏക സാമ്യം. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ‘ട്രാവന്‍കൂര്‍ പാലസ്’. ധര്‍മരാജനുമായി എന്തെങ്കിലും ബിസിനസ് ചര്‍ച്ചകള്‍ നടത്തിയതായി തുഷാര്‍ വെള്ളാപ്പള്ളി സ്ഥിരീകരിച്ചുവെന്ന് ഇ.ഡിയുടെ കുറ്റപത്രം പറയുന്നില്ല.

തുടക്കത്തില്‍ ആവേശത്തോടെ അന്വേഷണം നടത്തിയ കേരള പോലീസ്, ഇത് കുഴല്‍പ്പണമാണെന്നും ഇതില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചെങ്കിലും പിന്നീട് തണുത്തു. കേസന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെവരെ തൃശ്ശൂരില്‍ വിളിച്ചുവരുത്തി തെളിവെടുത്തു. ഒന്നാംഘട്ട കുറ്റപത്രത്തില്‍ കേസ് വെറും വഴിക്കൊള്ളയാക്കിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ബിജെപി നേതാക്കളുടെ പങ്കോ ഇടപെടലോ പ്രതിപാദിച്ചില്ല. കൊടകരയില്‍ പണം കവര്‍ന്നതിന് നേരിട്ടും പരോക്ഷമായും പങ്കാളികളായ 22 പേരെയാണ് പോലീസ് പ്രതിചേര്‍ത്തത്. മാസങ്ങളോളം അന്വേഷണം നടത്തിയ പോലീസിനാകട്ടെ കവര്‍ന്ന മൂന്നരക്കോടിയില്‍ 1.4 കോടി കണ്ടെത്താനായില്ല. കൊടകരയിലൂടെ കണക്കില്‍ കാണിക്കാതെ കൊണ്ടുപോയ പണം തന്റേതാണെന്ന് അവകാശപ്പെട്ടെത്തിയ ബിജെപി അനുഭാവി ധര്‍മരാജനെപ്പോലും കേരള പോലീസ് പ്രതി ചേര്‍ത്തില്ല. പകരം രണ്ടാംസാക്ഷിയാക്കുകയാണുണ്ടായത്.

കേരള പോലീസ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലും ബിജെപിയുടെ പങ്കാളിത്തത്തെപ്പറ്റി പരാമര്‍ശമില്ല. ചുരുക്കത്തില്‍ നേരത്തെ കേരള പൊലീസും, ഇപ്പോള്‍ ഇഡിയും ബിജെപിയെ തൊടാന്‍ മടിക്കുന്നു. ബിജെപിയും സിപിഎമ്മും വിഷയത്തില്‍ ഒത്തുകളി നടത്തി എന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

കൊടകര കുഴല്‍പ്പണക്കേസിലെ റിപ്പോര്‍ട്ടോടു കൂടി ഇ.ഡിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇ.ഡി നിഷ്പക്ഷമല്ലാതെ പെരുമാറുന്ന സംവിധാനമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി. പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന ഇ.ഡി കേരളത്തിലെ ബിജെപി നേതാക്കളെ രക്ഷിച്ചിരിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു