യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി സ്ഥാനമേറ്റ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ അഭിഷിക്തനായി. വിശ്വാസ തനിമയില്‍ നടന്ന ചടങ്ങില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് ചടങ്ങില്‍ കാര്‍മ്മികത്വം വഹിച്ചത്. യാക്കോബായ സുറിയാനി സഭയുടെ ഉന്നത സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട അദ്ദേഹം, ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന നാമധേയത്തില്‍ അറിയപ്പെടും.
ലബനിലെ പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്. ആഗോള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും പള്ളി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന ശുശ്രൂഷകള്‍ രണ്ടു മണിക്കൂറിലേറെ നീണ്ടു. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം അത് വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളിലൂട തത്സമയം വീക്ഷിച്ചു. യാക്കോബായ സഭയുടെ, കേരളത്തിലെയും പുറംനാടുകളിലെയും പള്ളികളില്‍നിന്ന് വൈദികരും സഭാംഗങ്ങളുമായി എഴുനൂറിലേറെപ്പേര്‍ അഭിഷേകത്തിനു നേര്‍സാക്ഷികളായി.
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരും അഭിഷേക ശുശ്രൂഷയില്‍ പങ്കുകൊണ്ടു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവാ, മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത എന്നിവര്‍ കേരളത്തിലെ പ്രതിനിധികാളായെത്തി. ലബനന് പ്രസിഡന്റ് ജോസഫ് ഓനിന്റെ പ്രതിനിധിയും ലബനനിലെ ഇന്ത്യന്‍ സ്ഥാനപതി നൂര്‍ റഹ്മാന് ഷെയ്ഖും സന്നിഹിതരായിരുന്നു.
മന്ത്രി പി.രാജീവ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.പി.ടൈസന്, എല്‍ദോസ് പി.കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി.ശ്രീനിജന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവര്‍ കേരള സര്‍ക്കാരിന്റെയും ബെന്നി ബഹനാന് എംപി, വി.മുരളീധരന്, അല്‍ഫോന്‍സ് കണ്ണന്താനം, ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധികളായെത്തി.