ഈങ്ങാപ്പുഴയിലെ അരുംകൊല: ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത് മാരകമായ 11 മുറിവുകള്‍

Jaihind News Bureau
Wednesday, March 19, 2025


ഭാര്യയെ കൊല ചെയ്ത കേസിലെ പ്രതി ഭര്‍ത്താവ് യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ എത്തിച്ച് പരിശോധനകള്‍ക്ക് വിധേയനാക്കി. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ: സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് വിധേയനാക്കിയത്. ഷിബിലയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ ശേഷമാണ് പ്രതിയായ യാസിറിനെ താമരശ്ശേരി പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ഉച്ചക്ക് രണ്ട് മണിയോടെയാണ് യാസറിനെ ഫോറന്‍സിക് വിഭാഗത്തില്‍ എത്തിച്ചത്.തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമത്തിനിടയില്‍ ഇയാളുടെ ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ പാടുകളോ ഉണ്ടോ എന്ന കാര്യം പരിശോധിച്ചു. കൂടാതെ മുടിയും രക്തവും ഉള്‍പ്പെടെയുള്ള സാമ്പിളുകളും ശേഖരിച്ചു. ഒന്നര മണിക്കൂര്‍ നേരം നീണ്ടുനിന്ന ഫോറന്‍സിക് പരിശോധനക്ക് ശേഷം മൂന്നരയോടെ താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് യാസിറിനെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി.

വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രാത്രിയോടെ കോടതിയില്‍ ഹാജരാക്കും എന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം പതിനൊന്ന് മുറിവുകളാണ് കൊലചെയ്യപ്പെട്ട ഷിബിലയുടെ മൃതദേഹത്തില്‍ കാണാന്‍ സാധിച്ചത്. ഇതില്‍ മൂന്നു മുറിവുകളാണ് മരണകാരണമായത് എന്നാണ് പ്രാഥമിക വിവരം. ഇതില്‍ വലത് കൈക്ക് മുകളില്‍ കഴുത്തിനോട് ചേര്‍ന്ന് ആഴത്തിലുള്ള മുറിവും വലതു കൈക്ക് താഴെ രണ്ട് ആഴത്തിലുള്ള മുറിവുകളുമാണ് ഉള്ളത്. ഇത് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതാകാം എന്നാണ് നിഗമനം.

കൂടാതെ ശരീരത്തില്‍മറ്റിടങ്ങളിലായി വേറെ ചെറിയ എട്ട് മുറിവുകളും കണ്ടെത്താനായി ഇത ്പ്രതിയുമായി പിടിവലി നടന്നപ്പോള്‍ പറ്റിയതാകാം എന്നാണ് കരുതുന്നത്. ഷിബിലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മാതാവ് ഹസീനയെ കാണിച്ചു. അതിനുശേഷമാണ് മൃതദേഹം സ്വദേശമായ ഈങ്ങാപ്പുഴയിലേക്ക് കൊണ്ടുപോയത്.