മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന കഞ്ചാവു കടത്ത് : യുവതികള്‍ അറസ്റ്റില്‍

Jaihind News Bureau
Wednesday, March 19, 2025

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ച് കോടിയുടെ ലഹരിവേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ രണ്ട് ഉത്തരേന്ത്യന്‍ യുവതികളില്‍നിന്ന് 15 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. രാജസ്ഥാന്‍ ജയ്പുര്‍ സ്വദേശിനിയും മോഡലുമായ മാന്‍വി ചൗധരി, മേക്കപ്പ് ആര്‍ട്ടിസ്റ്റും ഡല്‍ഹി സ്വദേശിനിയുമായ ചിബ്ബെത് സ്വാന്ദി എന്നിവരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവത്തില്‍ പിടിയിലായത് .

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഏഴര കിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും കൈവശം വച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ആര്‍ക്കു വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണ്. കേരളത്തില്‍ എത്തിച്ച ശേഷം ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമം. ഇവര്‍ക്ക് കേരളത്തില്‍ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കും .

ഈ മാസം എട്ടിനും കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായിരുന്നു. തായ് എയര്‍വെയ്‌സ് വിമാനത്തില്‍ ബാങ്കോക്കില്‍നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമര്‍ എന്നിവരാണ് ഒന്നര കിലോ ഹൈബ്രിഡ് കഞ്ചാവുമായി അന്ന് പിടിയിലായത്.