സര്‍ക്കാരിന് തിരിച്ചടി; ജസ്റ്റിസ് കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

Jaihind News Bureau
Monday, March 17, 2025

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം അസാധുവാക്കി കേരള ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം നിലവില്‍ നിലനില്‍ക്കില്ലെന്ന് വിധിക്കുകയായിരുന്നു. കേരള വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഈ വിധി പ്രഖ്യാപിച്ചത്.

ഇത് വഖഫ് ട്രൈബ്യൂണലിന് മാത്രം പരിഗണന നല്‍കുന്ന വിഷയം ആണെന്നും അതിനാല്‍ ഈ വിഷയത്തില്‍ തീരുമാനം ആ വഴിയിലാകും നടക്കുക എന്നും ഹൈക്കോടതി വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമാക്കി. വഖഫ് ബോര്‍ഡിന് അവരുടെ അധികാരങ്ങള്‍ നിലനിര്‍ത്താനുള്ള മുഴുവന്‍ നിയമപരമായ അവകാശവും ഉണ്ടെന്നാണ് കോടതി പറഞ്ഞത്.

മുനമ്പം വഖഫ് ഭൂമിക്കേസില്‍ വീണ്ടും ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ വാദപ്രകാരം തെറ്റായ പ്രക്രിയയാണ്. ഇതിനകം സിവില്‍ കോടതി ഭൂമിയെ വഖഫ് സ്വത്തായി പ്രഖ്യാപിച്ചിരുന്നതിനാല്‍, ആ തീരുമാനത്തില്‍ മാറ്റം കൊണ്ടുവരികയെങ്കില്‍ അത് മാത്രമേ ഉന്നത കോടതിയിലൂടെ സാധ്യമാകൂ. അതുകൊണ്ട്, നിയമവിരുദ്ധമായ രീതിയിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.