അമേരിക്കയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതിനോടകം ചുഴലികാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയി. മിസോറിയില്‍ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചത്. പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. സാധാരണനിലയിലേക്ക് എത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്കി.
മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി ജീവനുകളാണ് നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കും സംഭവിച്ചു. ശനിയാഴ്ചയാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. കനത്ത നാശ നഷ്ടമാണ് എങ്ങും സംഭവിച്ചത്. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായി മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല.പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതുള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വലിയ ട്രക്കുകള്‍ മറിഞ്ഞുകിടക്കുന്നതും ഉള്‍പ്പടെയുള്ള പുറത്തുവരുന്ന ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ടെക്സസില്‍ പൊടിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളിലെ മൂന്ന് മരണം ഉള്‍പ്പെടെ 20 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലധികം ആക്സിഡറ്റ് കേസുകളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. മരങ്ങളും വൈദ്യുതി ലൈനുകളും വീണതായും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. 2.5 ലക്ഷം കെട്ടിടങ്ങളിലാണ് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടത്. 2024ല്‍ അമേരിക്കയില്‍ ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ 54 പേരാണ് മരിച്ചത്.
ഇനിയും ചുഴലിക്കാറ്റുകള്‍ക്ക് സാധ്യത മുന്നറിയിപ്പ് പ്രവചിച്ചിട്ടുണ്ട്. കൂടാതെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി. മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.