ഇതല്ല, ഇതിനപ്പുറം ചാടി കടന്നവരാണീ ആശമാര്‍; നാളത്തെ ഉപരോധ സമരം പൊളിക്കാന്‍ സര്‍ക്കാര്‍

Jaihind News Bureau
Sunday, March 16, 2025

സേവന വേതന പരിഷ്‌ക്കരണമുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകല്‍ സമരം 35ാം ദിവസവും തുടരുന്നു. നാളത്തെ സെക്രട്ടറിയേറ്റ് ഉപരോധ സമരം പൊളിക്കുവാന്‍ പുതിയ തന്ത്രങ്ങളുമായി സര്‍ക്കാരും രംഗത്തുണ്ട്. ആശവര്‍ക്കര്‍മാര്‍ക്ക് പ്രവര്‍ത്തന പരിപാടികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ തന്ത്രം. സമരം ശക്തമാക്കാന്‍ തന്നെയാണ് ആശപ്രവര്‍ത്തകരുടെ തീരുമാനം.

ദിവസങ്ങള്‍ കടന്ന് മാസങ്ങള്‍ കടന്ന് ആശവര്‍ക്കര്‍മാരുടെ സമരം ദിവസവും ശക്തമാവുകയാണ്. സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ ഓണറേറിയം വര്‍ധനവ്, വിരമിക്കല്‍ ആനുകൂല്യം അങ്ങനെ കൃത്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശവര്‍ക്കാര്‍മാര്‍ സമരം തുടരുന്നത്. ഈ സമരം ഇന്ന് 35ാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ വൃത്തങ്ങളെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ആശപ്രവര്‍ത്തകര്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ സെക്രട്ടറിയേറ്റ് ഉപരോധ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതു തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കവും.

നാളെ വിവിധ ജില്ലകളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലന പരിപാടി ഏര്‍പ്പെടുത്തി കൊണ്ടാണ് സര്‍ക്കാര്‍ സമരം പൊളിക്കുവാന്‍ നീക്കം നടത്തുന്നത്. സര്‍ക്കാരിന്റെ തന്ത്രങ്ങളെ ഒക്കെ തന്നെ മറികടന്ന് മുഴുവന്‍ ആശമാരേയും അണിനിരത്തി ഭരണ സിരാകേന്ദ്രം ഉപരോധിക്കുമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സമരം തീര്‍പ്പാക്കുവാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തണം എന്നാവശ്യം ശക്തമാകുമ്പോഴും ഇക്കാര്യത്തില്‍ അനുകൂലമായ ഒരു നിലപാട് സര്‍ക്കാര്‍ ഇനിയും എടുത്തിട്ടില്ല.