വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വഭാവികതയില്ല; മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് ഡോക്ടറുടെ മൊഴി

Jaihind News Bureau
Saturday, March 15, 2025

വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന നിഗമനത്തില്‍ പോലീസ്. ജുനൈദിന്റേത് അപകട മരണം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയതിന്റെ അടിന്ഥാനത്തിലാണ് അപകട മരണം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ജുനൈദിന്റെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടകരമായ രീതിയിലാണ് ജുനൈദ് വാഹനം ഓടിക്കുന്നതെന്ന് ഇന്നലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടാണ് മരണത്തില്‍ അസ്വഭാവികതയില്ലെന്ന് നിഗമനത്തില്‍ പോലീസെത്തിയത്.

ഇന്നലെ വൈകിട്ട് 5.20ഓടെയായിരുന്നു അപകടം ഉണ്ടായത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോള്‍ മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. റോഡില്‍ രക്തം വാര്‍ന്ന് കിടന്ന ജുനൈദിനെ ബസ് ജീവനക്കാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്.

ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികതയുണ്ടോയന്ന് മഞ്ചേരി പോലീസ് അന്വേഷണം നടത്തിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാളുടെ മൊഴിയും ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരണത്തില്‍ ദുരൂഹത ഇല്ലെന്ന നിഗമനത്തില്‍ എത്തിയത്. എന്നാല്‍, ജുനൈദിന്റെ കുടുംബം മരണത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നതും കേസില്‍ കൂടുതല്‍ അന്വേഷണത്തിന് വഴിത്തുറന്നില്ല. അതേസമയം, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജുനൈദിന്റെ മരണം.