എന്തൊരു കരുതലാണീ സര്‍ക്കാരിന്… പുതിയ ഡിജിപി പട്ടികയില്‍ ഇടംപിടിച്ച് എം.ആര്‍ അജിത് കുമാര്‍

Jaihind News Bureau
Saturday, March 15, 2025

പുതിയ ഡിജിപി പട്ടികയില്‍ എം.ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ‘എം ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേരെ ഉള്‍പ്പെടുത്തി ആഭ്യന്തര വകുപ്പ് ഡിജിപി പട്ടിക തയ്യറാക്കി. നിരവധി വിവാദങ്ങളിലും അന്വേഷണങ്ങളിലും പെട്ടിരിക്കുമ്പോഴാണ് നിലവിലെ ബറ്റാലിയന്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ ഒട്ടനവധി ആരോപണങ്ങളും ഡിജിപി തലത്തില്‍ ഉള്ള രണ്ട് അന്വേഷണവും വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടെ മൂന്ന് അന്വേഷണങ്ങള്‍ നേരിടുന്നതിനിടയിലാണ് പുതിയ ഡിജിപിയെ കണ്ടെത്തുന്നതിനുള്ള സാധ്യത പട്ടികയില്‍ എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജിത് കുമാറിനെതിരെയുള്ള അന്വേഷണങ്ങള്‍ എങ്ങും എത്താതെ ഇഴഞ്ഞ് നീങ്ങുന്നതിനിടയിലാണ് പുതിയ ഡിജിപി നിയമനത്തിനുള്ള സാധ്യത പട്ടികയില്‍ ആഭ്യന്തരവകുപ്പ് ഇദ്ദേഹത്തെയും പരിഗണിച്ചിരിക്കുന്നത്. എം.ആര്‍ അജിത്ത്കുമാറിന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും നല്‍കുന്ന കരുതലും സംരക്ഷണവും തുടരുന്നു എന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് പുതിയ സാധ്യത പട്ടിക. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആറ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നിലവിലെ പോലീസ് മേധാവിയില്‍ നിന്ന് ശേഖരിച്ചാണ് ആഭ്യന്തരവകുപ്പ് പട്ടിക തയ്യാറാക്കിയത്. റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ . ഇന്റലിജന്‍സ് ബ്യൂറോ അഡീഷ്ണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണില്‍ വിരമിക്കുന്ന ഒഴിവിലേക്ക് പുതിയ DGP യെ കണ്ടെത്തുവാനാണ് പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയില്‍ നിന്ന് മൂന്നു പേരെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുക്കും. പിന്നീട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരില്‍നിന്ന് ഒരാളെ ഡിജിപിയായി നിയമിക്കും. ഏതായാലും അജിത് കുമാറിനെ കൈവിടാത്ത സര്‍ക്കാര്‍ എന്തൊക്കെ തുടര്‍ നീക്കങ്ങള്‍ ഇനി നടത്തുമെന്നാണ് കണ്ടറിയേണ്ടത്.