ഹമാസിനെ പിന്തുണച്ച് പ്രക്ഷോഭം: രഞ്ജനി ശ്രീനിവാസന്റെ വീസ യുഎസ് റദ്ദാക്കി, നാട്ടിലേയ്ക്കു തിരിച്ചയച്ചു

Jaihind News Bureau
Saturday, March 15, 2025

പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കാളിയായതില്‍ യു.എസ്. വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി നാട്ടിലേക്ക് മടങ്ങി. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് സ്വയം യു എസ് വിട്ടത്. രഞജനിയുടെ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. 2025 മാര്‍ച്ച് 5 നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വീസ റദ്ദാക്കിയത്. ശിക്ഷാ നടപടികള്‍ ഒഴിവാക്കി യു എസ് വിടാനുള്ള സിബിപി ഹോം ആപ്പ് ഉപയോഗിച്ച് 2025 മാര്‍ച്ച് 11 ന് അവര്‍ സ്വമേധയാ യു എസ് വിട്ടതായി വകുപ്പ് സ്ഥിരീകരിച്ചു, വീഡിയോ ദൃശ്യങ്ങളും പങ്കുവച്ചു.

അമേരിക്കയില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യമാണ്. ഈ രാജ്യത്ത് എത്തി അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിച്ചാല്‍ ആ ആനുകൂല്യം റദ്ദാക്കപ്പെടും. അങ്ങനെയുള്ളവര്‍ ഈ രാജ്യത്തുണ്ടാകരുതെന്നും ദൃശ്യങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം എക്‌സില്‍ കുറിച്ചു. ഹമാസിനെ പിന്തുണച്ച് പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാലാണ് രഞ്ജനി ശ്രീനിവാസന്റെ സ്റ്റുഡന്റ് വിസ യു.എസ്. റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് അധികൃതര്‍ നാടുകടത്തുന്നതിന് മുന്‍പേ സ്വമേധയാ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥിനി നാട്ടിലേക്ക് മടങ്ങിയത്.

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നഗരാസൂത്രണത്തില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയായ ഇന്ത്യന്‍ പൗരയായ രഞ്ജനി ശ്രീനിവാസന്‍ എഫ്-1 സ്റ്റുഡന്റ് വിസയിലാണ് അമേരിക്കയില്‍ പ്രവേശിച്ചത്. കൊളംബിയ സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ് രഞ്ജിനി ശ്രീനിവാസന്‍. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് ടെക്നോളജിയില്‍നിന്ന് ബിരുദവും ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് രഞ്ജനി ഗവേഷണത്തിനായി കൊളംബിയ സര്‍വകലാശാലയിലെത്തിയത്.

പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് കൊളംബിയ സര്‍വകലാശാലയിലെ മറ്റുചില വിദ്യാര്‍ഥികള്‍ക്കെതിരേയും നേരത്തെ നടപടിയെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കൊളംബിയ സര്‍വകലാശാല കാംപസില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മഹ്മൗദ് ഖലീല്‍ എന്ന പൂര്‍വ വിദ്യാര്‍ഥി യു.എസില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഗ്രീന്‍ കാര്‍ഡും അധികൃതര്‍ റദ്ദാക്കി. ലെഖ കോര്‍ഡിയ എന്ന വിദ്യാര്‍ഥിനിയും പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് യു.എസില്‍ അറസ്റ്റിലായിരുന്നു.

യുഎസ് ആഭ്യന്തര വകുപ്പ് അടുത്തിടെ CBP ഹോം എന്ന പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി, ഇതിലൂടെ യുഎസില്‍ രേഖകളില്ലാതെ താമസിക്കുന്ന വ്യക്തികള്‍ക്കായി സ്വയം നാടുവിടാനുള്ള സൗകര്യമാണ് ലഭിക്കുക. ശിക്ഷാ നടപടികളില്‍ നിന്ന് ഇവരെ ഒഴിവാക്കി മാതൃരാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കുകയാണ് ചെയ്യുന്നത്.