കടയ്ക്കല്‍ ക്ഷേത്രോത്സവത്തിലെ വിപ്ലവ ഗാനാലാപനത്തിനെതിരെ ദേവസ്വം ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു. ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കടയ്ക്കലില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതേ കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ക്കെതിരായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വത്തിന് രാഷ്ട്രീയമില്ലെന്നും ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 19ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം പ്രത്യേക അജണ്ട വച്ച് വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രശാന്ത് അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചാണ് വിവാദം കത്തി കയറിയിരിക്കുന്നത്. സി പി എം ഡിവൈഎഫ്‌ഐ ചിഹ്നങ്ങളും കൊടികളും എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഗായകന്‍ അലോഷി ക്ഷേത്രോത്സവ വേദിയില്‍ ആലപിച്ച വിപ്ലവഗാനത്തോട് ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിക്കിടെയാണ് വിപ്ലവ ഗാനം ആലപിച്ചത്. പ്രശസ്തമായ ഒരു ക്ഷേത്ര ഉല്‍സവത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നത് ഏറെ വിവാദം ആയിരുന്നു. രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ വിധിയെ മറികടന്നാണ് സിപിഎം ഈ നീക്കം നടത്തിയത്.