എന്റെ പൊന്നോ…. പവന്‍ വില 65000 കടന്നു

Jaihind News Bureau
Friday, March 14, 2025


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തില്‍ ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65840 രൂപയാണ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വ്യാഴാഴ്ച കൂടിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തിരുത്തിയത്. ഗ്രാമിന് 8,120 രൂപയും പവന് 64,960 രൂപയുമാണ് ഇന്നലത്തെ വില.

അന്താരാഷ്ട്ര സ്വര്‍ണവില ട്രായ് ഔണ്‍സിന് 2990 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 18 കാരറ്റ് സ്വര്‍ണവില 90 രൂപ കൂടി 6770 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നു. വെള്ളി വില ഗ്രാമിന് രണ്ടു രൂപ വര്‍ധിച്ച് 110 രൂപയായി.

സ്വര്‍ണവില എല്ലാ പ്രവചനങ്ങളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അടുത്തയാഴ്ച 50 ഡോളര്‍ കുറയുമെന്ന് പ്രവചനമുണ്ടെങ്കിലും കുതിപ്പ് തുടര്‍ന്നേക്കും എന്നുള്ള സൂചനകള്‍ തന്നെയാണ് വരുന്നത്. ട്രായ് ഔണ്‍സിന് 3100 -3200 ഡോളര്‍ എന്ന പ്രവചനം വന്നു കഴിഞ്ഞിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71500 രൂപയോളം നല്‍കേണ്ടിവരും.