കേന്ദ്ര സര്‍ക്കാരിന്റെ കടല്‍ഖനന പദ്ധതിക്കെതിരേ യുഡിഎഫ്- എല്‍ഡിഎഫ് സംയുക്ത സമര സമിതിയായ മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പാര്‍ലമെന്റ് മാര്‍ച്ച് ഡല്‍ഹിയില്‍ നടന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍, സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍, വിവിധ മത്സ്യത്തൊഴിലാളി-ട്രേഡ് യൂണിയന്‍ സംഘടന ഭാരവാഹികള്‍, തൊഴിലാളികള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ജന്തര്‍ മന്ദറില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിച്ചത്.
രാജ്യത്തെ എല്ലാ സ്വത്തുക്കളും കോര്‍പ്പറേറ്റുകള്‍ക്കു ലാഭം നേടാന്‍ തുറന്നിടുന്ന നയമാണ് ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. തീരദേശത്തെ ജനങ്ങളുടെ ജീവിതത്തിന് വിലങ്ങുതടിയാകുന്ന പദ്ധതിയാണ് കേന്ദ്രം കൊണ്ടുവരുന്നതെന്ന് കെ വി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലും ടെന്‍ഡര്‍ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുന്നതിനാലാണ് ഡല്‍ഹിയില്‍ സമരം നടത്താന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ പറഞ്ഞു. പാരിസ്ഥിതികാഘാത പഠനം നടത്തുന്നത് ടെന്‍ഡര്‍ എടുക്കുന്ന കമ്പനിയാണെന്നും പ്രതാപന്‍ ആരോപിച്ചു. ഇത് കള്ളന്റെ കൈയില്‍ താക്കോല്‍ കൊടുക്കും പോലെയാണെന്ന് പ്രതാപന്‍ പറഞ്ഞു. പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുംവരെ സമരം തുടരുമെന്നും പാര്‍ലമെന്റ് മാര്‍ച്ച് ടോക്കണ്‍ സമരം മാത്രമാണെന്നും കണ്‍വീനര്‍ പി പി ചിത്തഞ്ജന്‍ എംഎല്‍എ പറഞ്ഞു. സമരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്ത് വിളയുന്ന കൊല്ലം മേഖല ഖനനത്തോടെ ഇല്ലാതാവുമെന്ന് വൈസ് ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ് കുറ്റപ്പെടുത്തി.