മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി; പ്രതീക്ഷയില്‍ കേരളം

Jaihind News Bureau
Wednesday, March 12, 2025

കേരളത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. വയനാട് ധനസഹായം, ആശാ വര്‍ക്കര്‍മാര്‍ക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സിപിഎം സംസ്ഥാന സമ്മേളനം കഴിഞ്ഞ് പുത്തന്‍ നയങ്ങള്‍ രൂപീകരിച്ച സര്‍ക്കാരിന്റെ നിലപാടുകള്‍ പുറത്തേക്ക് വരുമ്പോള്‍, നിലപാടുകള്‍ ഇപ്പോഴും കേന്ദ്രത്തെ പഴിചാരുന്നത് തന്നെയാണ്. ആശമാരുടെ ശമ്പള വര്‍ധനവിലും വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ ഇപ്പോഴും കുറ്റം ചാര്‍ത്തുന്നത് കേന്ദ്രത്തിന് മുകളിലാണ്. അങ്ങനെയിരിക്കെ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങള്‍ ഒക്കെ ചര്‍ച്ചയില്‍ വന്നിട്ടുണ്ടാകുമോ എന്നും ഇതില്‍ കേന്ദ്രത്തിന്റെ നിലപാടും ഇനി വ്യക്തമാകാനുണ്ട്. കേരളത്തിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയെ കണ്ടത്.

ബുധനാഴ്ച്ച രാവിലെ ഒന്‍പതോടെ കേരള ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.വി തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.