പിസിജോര്‍ജ്ജിനെതിരേ വീണ്ടും കേസ് : നിയമോപദേശത്തിനു ശേഷമെന്ന് പോലീസ്

Jaihind News Bureau
Tuesday, March 11, 2025

പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നിയമപദേശം ലഭിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കാന്‍ പോലീസിന്റെ തീരുമാനം.. മുന്‍ കേസ് പോലെ മതത്തെ നേരിട്ട് അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ലൗ ജിഹാദ് പരാമര്‍ശത്തില്‍ നിലപാടിലുറച്ചു നില്‍ക്കു്ന്നതായി പിസി ജോര്‍ജ് പറഞ്ഞു. ജോര്‍ജിന്റെ നിലപാടിന് പിന്തുണയുമായി ബിജെപിയും രംഗത്ത് വന്നു. ജോര്‍ജിന്റെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേ സമയം, ജോര്‍ജിന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നല്‍കി. ജോര്‍ജിന്റെ പുതിയ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, വിവിധ മുസ്‌ളിം സംഘടനകള്‍ എന്നിവര്‍ ആവശ്യപ്പെട്ടു…

അതേസമയം, പി.സി ജോര്‍ജിന്റെ നാവ് ആര്‍ക്കുവേണ്ടിയും പൂട്ടിക്കെട്ടി പോലീസിന്റെ കൈയില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മകനും, ബിജെപി നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജ്.. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം എന്ന് പേരില്‍ പറയുന്നത് അദ്ദേഹത്തിന്റെ മുന്നില്‍ വരുന്ന തെറ്റുകളും, കുറ്റങ്ങളും ചൂണ്ടിക്കാട്ടലാണെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് അഫ്ഗാനോ പാകിസ്ഥാനോ അല്ല, ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും ഉണ്ട് എന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു…