അരിപ്പയിൽ സമരം നടത്തുന്ന അഞ്ഞൂറോളം പട്ടികജാതി-പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ സർക്കാരിനോടാവശ്യപ്പെട്ടു.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്കടുത്തുള്ള അരിപ്പയില്‍, അവര്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പട്ടികജാതിക്കാര്‍ക്ക് 50 സെന്റ് ഭൂമിയും, ആദിവാസി വിഭാഗത്തിന് ഒരേക്കര്‍ ഭൂമിയും മറ്റുള്ളവര്‍ക്ക് 25 സെന്റ് ഭൂമിയും ആവശ്യപ്പെട്ടുകൊണ്ടാണ് അവിടെ സമരം നടത്തുന്നത്. 9-10-2018-ല്‍ റവന്യൂ വകുപ്പുമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍വച്ച് , മൂന്നു മാസത്തിനുള്ളില്‍ അവിടെ താമസിക്കുന്ന ആദിവാസികൾക്ക് ഭൂമി നല്കാന് തീരുമാനിച്ചിരുന്നു. ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 91 പേരെക്കൂടി പിന്നീട് ഉള്‍പ്പെടുത്തി. മുന്നൂറോളം കുടുംബങ്ങള്‍ ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. അരിപ്പയില്‍ ഇപ്പോൾ താമസിക്കുന്നവര്‍ക്ക് അവിടെത്തന്നെ ഭൂമി നല്‍കണമെന്നതാണ് സമരക്കാരുടെ ആവശ്യം. കോവിഡുകാലത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വിഭാഗമാണവര്‍. അവര്‍ക്ക് യാതാെരു സഹായവും കിട്ടിയില്ലെന്നുമാത്രമല്ല, അവര്‍ അവിടെ വലിയ ദുരന്തങ്ങളെയാണ് നേരിട്ടത്. ധാരാളം ആളുകള്‍ക്ക് പ്രയാസങ്ങളും ദുരിതങ്ങളും നേരിടേണ്ടിവന്നു. സമരഭൂമിയില്‍ 2017 വരെ നെല്‍ക്കൃഷിയും പയര്‍ക്കൃഷിയും നടത്തി അവര്‍ ജീവിച്ചുവന്നതാണ്. എന്നാല്‍ കൃഷി വിധ്വംസക പ്രവര്‍ത്തനമാണെന്നു പറഞ്ഞ് റവന്യൂ അധികൃതര്‍ കൃഷി തടസ്സപ്പെടുത്തി. ഇപ്പോള്‍ കൃഷിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണവര്‍ക്കുള്ളത്.
അരിപ്പ ഭൂസമരം പരിഹരിക്കാമെന്ന പേരില്‍ 2017-ല്‍ റവന്യൂ വകുപ്പ് കണക്കെടുപ്പ് നടത്തുകയുണ്ടായി. 2018 ഒക്ടോബറില്‍ റവന്യൂ-വനം വകുപ്പുമന്ത്രിമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ ജാതി, ഭൂവുടമസ്ഥരുടെ പരിശോധന എന്നിവയ്ക്കുശേഷം മൂന്നുമാസത്തിനകം ഭൂമി നല്‍കാമെന്ന് അറിയിച്ചു. കഴിഞ്ഞദിവസം ഞാന്‍ ഈ സമരഭൂമി സന്ദര്‍ശിച്ചിരുന്നു. അവരുടെ സ്ഥിതി വളരെ ദയനീയമാണ്. മെഡിക്കല്‍ സൗകര്യങ്ങളില്ല. നേരത്തെ മെഡിക്കല്‍ ടീം വന്ന് അവരെ പരിശോധന നടത്തുമായിരുന്നു. ഇപ്പോള്‍ അതുമില്ല. അവിടെ വെെദ്യുതിയില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്. 2024 നവംബര്‍ 14-ന് റെവന്യൂ വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ അവരുടെ ലിസ്റ്റ് തയ്യാറായിട്ടില്ല. അരിപ്പ സമരഭൂമിയില്‍ ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു സഹായവുമില്ല, അവര്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.