കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നി ഉടന്‍ സ്ഥാനമേല്‍ക്കും. ലിബറല്‍ പാര്‍ട്ടി നേതാവും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകന്‍ കൂടിയാണ് കാര്‍നി. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലും മന്ത്രിസഭയിലും പിന്തുണ നഷ്ടമായതോടെയാണ് ജസ്റ്റിന്‍ ട്രൂഡോയ്്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നത് . ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്നു മാര്‍ക്ക് കാര്‍ണി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകരില്‍ ഒരാള്‍ കൂടിയാണ് കാര്‍നി. കാനഡ നിലവില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് യുഎസുമായുള്ള കാനഡയുടെ ബന്ധം വഷളാകുന്നത്. നമുക്ക് വിശ്വസിക്കാന്‍ കഴിയാത്ത രാജ്യം എന്നാണ് തിരഞ്ഞെടുപ്പു വിജയത്തിനു ശേഷമുള്ള പ്രസംഗത്തില്‍ കാര്‍ണി അമേരിക്കയെ വിശേഷിപ്പിച്ചത്. പരസ്പര ബഹുമാനം ലഭിക്കും വരെ യുഎസ് ഇറക്കുമതികളില്‍ കൃത്യമായ താരിഫ് നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്രംപ് കനേഡിയന്‍ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുന്നു, അദ്ദേഹത്തെ വിജയിപ്പിക്കാന്‍ നമുക്ക് കഴിയില്ല, ഹോക്കിയിലെന്നപോലെ വ്യാപാരത്തിലും കാനഡ വിജയിക്കും,’ ഒരു ഐസ് ഹോക്കി താരം കൂടിയായ കാര്‍നി പറഞ്ഞു.
കാനഡയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി ഇപ്പോഴുമുണ്ട്. കാനഡയെ ’51-ാമത്തെ അമേരിക്കന്‍ സംസ്ഥാനം’ ആക്കുക എന്ന ആശയവും ട്രംപ് മുന്നോട്ടുവച്ചിരുന്നു.കാനഡയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെ ‘നിയമവിരുദ്ധം’ എന്ന് നിയുക്ത പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. യു എസിന്റെ ഒരു ഭീഷണിക്കു മുന്നിലും മുന്നില്‍ മുട്ടുകുത്തില്ലെന്നും അദ്ദേഹം പറഞ്ഞു
59 കാരനായ കാര്‍നി 1988-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബാച്ചിലര്‍ ബിരുദവും, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ വിദേശിയായി 2012-ല്‍ കാര്‍ണി തിരഞ്ഞെടുക്കപ്പെട്ടു. 2008-ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കാനഡ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ കരകയറിയതിന് ഇദ്ദേഹത്തിന്റെ നിയമനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഉഭയകക്ഷി പ്രശംസ നേടി.