കാസര്‍കോട് കാണാതായ പതിനഞ്ചുകാരിയെ 25 ദിവസങ്ങള്‍ക്കു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. കുട്ടിയെ കാണാനില്ലെന്ന് മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണനയില്‍ എടുത്തത്. പെണ്‍കുട്ടിയേയും അയല്‍വാസിയേയും ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ ഇങ്ങനെയാകുമോ പോലീസ് പ്രവര്‍ത്തിക്കുക എന്നും നിയമത്തിനുമുന്നില്‍ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം വൈകിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
കാസര്‍കോട് പൈവളിഗെയിലെ 15കാരിയുടെയും അയല്‍വാസിയുടേയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹങ്ങള്‍ക്ക് 20ദിവസത്തിലധികം പഴക്കമുണ്ടെന്നും കണ്ടെത്തി. സമീപത്ത് ഒരു കോഴി ഫാമുള്ളതിനാല്‍ മൃതദേഹങ്ങള്‍ അഴുകിയ മണമൊന്നും പ്രദേശവാസികള്‍ക്ക് ഉണ്ടായില്ല. ഉണങ്ങിയ നിലയില്‍ ആണ് മൃതദേഹങ്ങളുള്ളത എന്നതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് 9 ഇന്നലെയാണ് 15വയസുകാരിയെയും കുടുംബ സുഹൃത്തും അവിവാഹിതനുമായ പ്രദീപിനേയും അക്വേഷ്യ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 12 ന് കാണാതായ ഇരുവരേയും നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് നടത്തിയ വ്യാപക തെരച്ചിലില്‍ കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് അന്വേഷണത്തില്‍ പോലീസ് ഗുരുതര വീഴ്ച കാണിച്ചുവെന്ന് പരാതിയും ഉണ്ടായിരുന്നു.