ആശാവര്‍ക്കര്‍മാരുടെ സമരം ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കെ.സി വേണുഗോപാല്‍, ശശി തരൂര്‍, വി.കെ ശ്രീകണ്ഠന്‍, എന്നിവര്‍ ആശമാരുടെ വിഷയം സഭയില്‍ ഉന്നയിച്ചു. സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഷാഫി പറമ്പില്‍ എം.പിയും സഭയില്‍ ഉന്നയിച്ചു. ഒരു മാസക്കാലമായി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമരപ്പന്തലില്‍ എത്തി വാക്ക് നല്‍കിയിരുന്നു. അതേ തുടര്‍ന്നാണ് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നുവെന്നും അവര്‍ക്ക് ദിവസവേതനം ലഭിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ എം.പി കുറ്റപ്പെടുത്തി. ആശാ വര്‍ക്കര്‍മാരുടെ സമരം മലയാളത്തിലാണ് വി.കെ ശ്രീകണ്ഠന്‍ എം.പി അവതരിപ്പിച്ചത്. സിക്കിമിലും കര്‍ണാടകയിലും കേരളത്തേക്കാള്‍ വേതനം ലഭിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ആരോഗ്യ മന്ത്രിക്ക് കേരളമാണ് വേതനത്തില്‍ മുന്നില്‍ എന്നാണ് അവകാശവാദം . വേതനം 21,000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.