പ്രായപരിധി അട്ടിമറിച്ചാണ് പാർട്ടി തീരുമാനം കൈക്കൊണ്ടതെന്ന് ആരോപിച്ച പത്മകുമാർ, തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നും പാർട്ടിയോട് ഒരു ഭയം ഇല്ലെന്നും വ്യക്തമാക്കി. “ഞാൻ സിപിഎം വിടില്ല, ബ്രാഞ്ച് തലത്തിൽ പ്രവർത്തനം തുടരും” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച പ്രഖ്യാപനം. അതേസമയം, സംസ്ഥാന സമ്മേളനത്തിൽ നിന്ന് പത്മകുമാർ ഇറങ്ങിപ്പോയ നടപടി പാർട്ടിക്കകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സിപിഎം നേതൃത്വത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലോ മറ്റ് മേലധികാര യോഗങ്ങളിലോ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാർട്ടിയില്‍ 9 വർഷം മാത്രം പരിചയമുള്ള വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ 50 വർഷമായി നില്ക്കുന്ന തന്നെ തഴഞ്ഞത് നീതിയില്ലായ്മയാണെന്നും, തന്റെ സമര-സംഘടന പ്രവർത്തനങ്ങൾ പരിഗണിക്കേണ്ടതായിരുന്നുവെന്നും പത്മകുമാർ പറഞ്ഞു. “ഇന്നല്ലെങ്കിൽ നാളെ ഈ വസ്തുതകൾ പാർട്ടിക്ക് മനസ്സിലാവും” എന്ന് അദ്ദേഹം പ്രതികരിച്ചു.
പത്മകുമാർ തന്റെ അതൃപ്തി ഫേസ്ബുക്കിലൂടെയാണ് പ്രകടിപ്പിച്ചത്. പിന്നീട് ആ പോസ്റ്റ് പിൻവലിക്കുകയും ,ചെയ്തു. “ചതിവ്, വഞ്ചന, അവഹേളനം— 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം” എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ പ്രൊഫൈൽ ചിത്രം മാറ്റിയതും, പാർട്ടിക്കുള്ളിള്ളില് കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. ഈ സംഭവവികാസങ്ങൾ തുടരുമ്പോൾ, സിപിഎം നേതൃത്വം പത്മകുമാറിനെക്കുറിച്ച് എന്ത് തീരുമാനം എടുക്കുമെന്നതിൽ വലിയ കാത്തിരിപ്പാണ് രാഷ്ട്രീയവട്ടങ്ങളിൽ.