ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

Jaihind News Bureau
Friday, March 7, 2025

മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കാത്തു നിന്നവരെ  ഓട്ടോയില്‍ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് മർദിച്ചത്.

ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുൾ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ ഇദ്ദേഹം ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുക്കും. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെയും താനൂരിൽ സമാനമായ രീതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചിരുന്നു.