കോടതി ഉത്തരവ് ലംഘിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലം നഗരത്തിൽ
കൊടിയും ഫ്ളക്സും സ്ഥാപിച്ച സിപിഎമ്മിന് പിഴ ചുമത്തി. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി പരാമർശത്തിന് പിന്നാലെ കൊല്ലം കോർപറേഷനാണ് മൂന്നര ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്.
സിപിഎം സംസ്ഥാന സമ്മേളനത്തിനായി കൊല്ലം നഗരത്തിലെ തെരുവോരത്ത് വ്യാപകമായി കൊടി തോരണം കെട്ടിയതിനും ബോർഡുകൾ സ്ഥാപിച്ചതിനുമാണ് നഗരസഭ സിപിഎമ്മിന് പിഴച്ചുമത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ എസ്.സുദേവനാണ്
3.5 ലക്ഷം രൂപ പിഴ ചുമത്തി കോർപറേഷൻ സെക്രട്ടറി നോട്ടിസ് നൽകിയത്. ഇതു സംബന്ധിച്ച് ഇരുനൂറിൽ ഏറെ പരാതികൾ കഴിഞ്ഞദിവസം ഹൈക്കോടതിക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ചില പരാമർശങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പേര് വെച്ച് പരാതി അയക്കുവാൻ പോലും ജനങ്ങൾ ഭയക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതോടെയാണ്
ഇടതുമുന്നണി ഭരിക്കുന്ന കോർപ്പറേഷൻ സിപിഎമ്മിന് പിഴ ചുമത്തുവാൻ നിർബന്ധിതമായത്’.
സമ്മേളന നഗറിനു മുന്നിൽ ദേശീയപാതയിൽ അടക്കം തോരണ പന്തൽക്കെട്ടിയാണ് സിപിഎം സമ്മേളനം പൊടിപൊടിക്കുന്നത്. അതേസമയം വഴിയോരത്ത് സമ്മേളനത്തിന്റെ ബോർഡുകൾ സ്ഥാപിക്കുന്നതിനും കൊടിയും തോരണവും കെട്ടുന്നതിനും ഫീസ് ഈടാക്കി അനുമതി നൽകണ മെന്നു കാണിച്ച് സിപിഎം കോർപറേഷന് അപേക്ഷ നൽകിയിരുന്നു. പ്രസന്ന ഏണസ്റ്റ് മേയർ ആയിരിക്കുമ്പോഴാണ് അപേക്ഷ നൽകിയത്.
സിപിഎം നേതൃത്വത്തിൻ്റെ അപേക്ഷ കോർപറേഷൻ സ്റ്റിയറിങ് കമ്മിറ്റി ചർച്ചചെയ്തെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഇതിനിടയിലാണ് ഹൈക്കോടതിയിലേക്ക് പരാതികൾ പ്രവഹിച്ചത്. ഇതോടെയാണ് കോർപ്പറേഷൻ പിഴ ചുമത്തിയത്. പിഴ ചുമത്തി എങ്കിലും ഇവയൊന്നും നീക്കം ചെയ്യുന്നതിനുള്ള യാതൊരുവിധ നടപടികളിലേക്കും നഗരസഭ കടന്നിട്ടില്ല.