തിരുവനന്തപുരം: ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
മൃതദേഹം സമയബന്ധിതമായി നാട്ടില്‍ എത്തിക്കാനുള്ള ഇടപെടല്‍ നടത്താന്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കണം. ടൂറിസ്റ്റ് വിസയില്‍ ജോര്‍ദാനിലെത്തിയ തോമസ് ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തോമസ് ഗബ്രിലേിന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്കു കത്തു നല്‍കിയിരുന്നു തോമസിന്റെ ഭാര്യ ക്രിസ്റ്റീന മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നുമാസത്തെ വീസാ കാലാവധിയില്‍ ജോര്‍ദാനില്‍ എത്തിയ തോമസിനെ അനധികൃതമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഭാര്യ ക്രിസ്റ്റീന ആരോപിക്കുന്നത്.
സന്ദര്‍ശക വീസയില്‍ ജോര്‍ദാനിലെത്തിയ തോമസ് ഗബ്രിയേല്‍ ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ജോര്‍ദാന്‍ സൈനികരുടെ വെടിയേറ്റു മരിച്ചതായാണ് എംബസി വീട്ടുകാര്‍ക്കു നല്‍കിയ വിവരം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.