ആശാ വര്‍ക്കര്‍മാരുടെ സമരം 25ാം ദിനത്തില്‍

Jaihind News Bureau
Thursday, March 6, 2025


കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം 25-ാം ദിനത്തില്‍. വനിതാ ദിനമായ മാര്‍ച്ച് 8 ന് എല്ലാ ജില്ലകളിലേയും സ്ത്രീകളെ അണിനിരത്തിക്കൊണ്ട് വനിതാസംഗമം നടത്താനാണ് സംഘടനയുടെ തീരുമാനമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു അറിയിച്ചു.
സമരത്തെ പിന്തുണച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയെങ്കിലും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇതുവരെയും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

സിപിഎം ഉള്‍പ്പെടെയുള്ള ഇടതുസംഘടനകളുടെ പിന്തുണയോടെയായിരുന്നു ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലും ഹരിയാനയിലും ബംഗാളിലും കര്‍ണാടകയിലും ആശാ വര്‍ക്കര്‍മാരുടെ സമരം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇതേ ആവശ്യമുന്നയിച്ചുകൊണ്ടുള്ള സമരത്തിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നും ആശാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, വി.കെ.ശ്രീകണ്ഠന്‍, ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, കെപിസിസി, ഐഎന്‍ടിയുസി പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.