വഴി മാറ് ‘മാര്‍ക്കോ’… ടെലിവിഷനില്‍ പ്രദര്‍ശനാനുമതി ഇല്ല

Jaihind News Bureau
Wednesday, March 5, 2025

വയലന്‍റ് ചിത്രമായ മാര്‍ക്കോ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനുള്ള സെന്‍സറിങ്ങില്‍ പരാജയപ്പെട്ടു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കോയ്ക്കുള്ള പ്രദര്‍ശനാനുമതി നിഷേധിച്ചു. 2025 ല്‍ ഇറങ്ങി തിയറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമാണ് മാര്‍ക്കോ.100 കോടിയാണ് സിനിമ ക്ലബില്‍ കയറിയത്. കടുത്ത വയലന്‍സടങ്ങുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്താല്‍ പ്രദര്‍ശനാനുമതി നല്‍കാം എന്നാണ് ബോര്‍ഡിന്റെ തീരുമാനം.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള കടുത്ത വയലന്‍സ് അടങ്ങുന്ന ചിത്രമെന്നാണ് മാര്‍കോ വിശേഷിക്കപ്പെടുന്നത്. ബോക്‌സോഫില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രം നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. താരത്തിന്റെ കരിയറിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മാര്‍കോ. നിരവധി അസ്വസ്ഥ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ തീരുമാനം. ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്സി നിരസിച്ചു. റീജിയണല്‍ എക്സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

U അല്ലെങ്കില്‍ U/A കാറ്റഗറിയിലേക്ക് പരിഗണിക്കാന്‍ കഴിയാത്ത സിനിമയെന്നാണ് സിബിഎഫ്‌സിയുടെ വിലയിരുത്തല്‍. മാതാപിതാക്കള്‍ക്കൊപ്പം സിനിമ കാണാന്‍ കുട്ടികളെ കാണാന്‍ അനുവദിക്കുന്ന കാറ്റഗറിയാണ് U/A. അതിനുപോലും കഴിയാത്ത അത്രയധികം വയലന്‍സ് ഈ സിനിമയിലുണ്ടെന്നും എക്‌സാമിനേഷന്‍ കമ്മിറ്റി നിരീക്ഷിച്ചു. സിനിമയിലുള്ള അതി ക്രൂരമായ വയലന്‍സ് രംഗങ്ങള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം. എന്നാല്‍ എത്രത്തോളം സാധ്യമാണെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ക്ക് തന്നെ സംശയമുണ്ട്.

അന്യ ഭാഷ പതിപ്പിലും ഒടിടിയിലും വലിയ വിജയം നേടിയ സിനിമ എന്തായാലും ടെലിവിഷന്‍ സ്‌ക്രീനിലെത്തുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. കേരളത്തില്‍ വര്‍ധിച്ചു വരുന്ന ക്രിമിനല്‍ കേസുകളില്‍ കൂടുതലും പ്രതികളാകുന്നത് യുവാക്കളാണ്. ഇത്തരക്കാരില്‍ മാര്‍ക്കോ അടക്കമുള്ള സിനിമകള്‍ ചെലുത്തുന്ന സ്വാധീനം ഏറെ ചര്‍ച്ചയായിരുന്നു. ഇത്രയധികം വയലന്‍സുകള്‍ സിനിമയില്‍ കുത്തിനിറയ്ക്കുന്നത് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ അടുത്തക്കാലത്ത് ഉയര്‍ന്നിരുന്നു. തിയറ്റര്‍ പ്രദര്‍ശന സമയത്തും ചിത്രം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാണ് ടെലിവിഷനിലെ പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നാണ് വിവരം.