അങ്ങനെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലേക്ക് ഇന്ത്യ കുതിച്ചു കയറി. സെമിഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീടപ്പോരാട്ടത്തിലേക്കുള്ള പ്രവേശനം. ഓസീസുകൾ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഫൈനലിൽ ഇന്ത്യ ഏത് ടീമിനെ നേരിടും എന്നത് ഇന്ന് നടക്കുന്ന ന്യൂസീലൻഡ്-ദക്ഷിണാഫ്രിക്ക സെമിഫൈനലിന് ശേഷം തീരുമാനമാകും. ഇത് ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനല്‍ കൂടിയാണ്. ഞായറാഴ്ചയാണ് ഫൈനല്‍ നടക്കുന്നത്.
വിരാട് കോലി ഒരിക്കൽ കൂടി തന്‍റെ മികവ് തെളിയിച്ച മത്സരത്തിൽ ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് മിന്നും ജയം ലഭിച്ചത്. 98 പന്തിൽ നിന്ന് 84 റൺസുമായി കോഹ്ലിയാണ് ടോപ് സ്കോറർ. 265 റൺസ് ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ശുഭ്മാൻ ഗില്ലിനെ (8) നഷ്ടമായി. തുടർന്ന് രോഹിത് ശർമ് ശക്തമായ തുടക്കം നൽകിയെങ്കിലും 28 റൺസ് നേടി പുറത്തായി. പിന്നീട് കോഹ്ലി-അയ്യർ കൂട്ടുകെട്ട് ഇന്ത്യയുടെ വിജയപ്രതീക്ഷ നിലനിർത്തുകയായിരുന്നു. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തെങ്കിലും 45 റൺസ് നേടിയ അയ്യർ ആദം സാംപയുടെ പന്തിൽ പുറത്തായി.
അയ്യർ മടങ്ങിയ ശേഷം അക്ഷർ പട്ടേലും കോലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 27 റൺസ് നേടിയ അക്ഷർ പുറത്തായതോടെ കെ.എൽ രാഹുൽ ക്രീസിലെത്തി. കോലി 84 റൺസ് നേടി പുറത്തായപ്പോൾ രാഹുലും (42*) ഹാർദിക് പാണ്ഡ്യയും (28) ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാൻ എല്ലിസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് 49.3 ഓവറിൽ 264 റൺസിന് ഓൾഔട്ട് ആയി. സ്റ്റീവ് സ്മിത്ത് (73), അലക്സ് കാരി (61) എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. സ്മിത്ത്-കാരി കൂട്ടുകെട്ട് 54 റൺസ് കൂട്ടിച്ചേർത്തെങ്കിലും 37ആം ഓവറിൽ സ്മിത്തിനെ ഷമി പുറത്താക്കി. പിന്നീട് മാക്സ്വെൽ (7) അക്ഷർ പട്ടേലിന്റെ പന്തിൽ വീണതോടെ ഓസീസ് തകർന്നു. അവസാന ഓവറുകളിൽ കാരിയും (61) പുറത്തായതോടെ ഓസ്ട്രേലിയയ്ക്ക് 264 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചക്രവർത്തിയും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.