ഇന്ന് ഉജ്ജ്വല സെമി പോരാട്ടം; ജയിക്കാനുറച്ച് ഇന്ത്യയും ഓസീസും

Jaihind News Bureau
Tuesday, March 4, 2025

ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മല്‍സരത്തിന് ഇന്ന് ഇന്ത്യയും ഓസീസും ഇറങ്ങുകയാണ്. ഉച്ചയ്ക്കു രണ്ടര മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസീസിനെയാണ് ഇന്ത്യ നേരിടുന്നത്.

കരുത്തരായ രണ്ട് ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. അവസാനമായി ഇന്ത്യ ഓസീസിനെതിരെ ഐസിസി ടൂര്‍ണമെന്റ് വിജയിച്ചത് 2011 ലാണ്. അതിന്റെ മുന്‍ തൂക്കം ഓസീസിന് ഉണ്ടെങ്കിലും ടീമിലെ ബൗളര്‍മാരുടെ അഭാവം തിരിച്ചടിയേകാന്‍ സാധ്യതയുണ്ട്. അവസാന മല്‍സരം ന്യൂസിലന്‍ഡിനെതിരെ സ്പിന്‍ മികവോടെ വിജയിച്ച ഇന്ത്യക്ക് ഇന്ന് ബൗളിങ്ങ് കരുത്ത് കാണിക്കാന്‍ പറ്റിയ അവസരമാണ്. അതേസമയം ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും ദുബായില്‍ നടക്കുന്നതിനാല്‍ ഇന്ത്യക്ക് കളിയില്‍ മുന്‍ തൂക്കം കൂടും എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മൂന്ന് മല്‍സരങ്ങളും ഇന്ത്യ വെവ്വേറെ പിച്ചുകളിലാണ് കളിച്ചത്. ഇന്ന് മല്‍സരിക്കാന്‍ ഇറങ്ങുന്നതും പുതിയ പിച്ചില്‍ തന്നെ. പാകിസ്ഥാന്‍ നാട്ടില്‍ ഇന്ത്യ കളിക്കില്ല എന്നതിനാലാണ് ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും ദുബായില്‍ നടത്തുന്നത്.

ആവേശകരമായ മല്‍സരത്തില്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യ ഫൈനലില്‍ കയറും. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും തമ്മിലുള്ള സെമി പോരാട്ടം നാളെയാണ് നടക്കുക.