ജോലിയില്‍ നിന്നും പറഞ്ഞുവിട്ടതിന്റെ വൈരാഗ്യത്തില്‍ ജീവനക്കാരന്‍ ഓയില്‍ കമ്പനിക്ക് തീയിട്ടു. തൃശൂര്‍ മുണ്ടൂരിലാണ് ഇന്ന് പുലര്‍ച്ചെ സംഭവം ഉണ്ടായത്. പ്രതി പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസില്‍ കീഴടങ്ങി. ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സിലെ ഡ്രൈവറായിരുന്നു ടിറ്റോ. പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് താന്‍ കമ്പനിക്ക് തീയിട്ടതെന്ന് പ്രതി തന്നെ പൊലീസിന് മൊഴി നല്‍കി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തൃശൂര്‍ വേളക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സ് എന്ന എണ്ണ കമ്പനിയില്‍ തീപിടിത്തമുണ്ടാവുകയായിരുന്നു. തൃശൂര്‍ പൂത്തോള്‍ സ്വദേശി സ്റ്റീഫനാണ് കമ്പനി ഉടമ. മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാസേന സംഘം എത്തിയാണ് തീയണച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ പ്രതി ടിറ്റോ സ്ഥാപനമുടമയോട് വിവരം വിളിച്ച് പറയുകയായിരുന്നു. താന്‍ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കില്‍ പോയി തീ അണച്ചോളൂ എന്നുമാണ് ഫോണിലൂടെ പറഞ്ഞതെന്നാണ് ഉടമ അറിയിച്ചത്. അതിനുശേഷമാണ് പേരാമംഗലം പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങിയത്.