മുഖ്യമന്ത്രിയെ മുഖ്യമന്ത്രീ എന്നു വിളിച്ചാല്‍ മുഖ്യമന്ത്രി തിളയ്ക്കുന്നതെന്തിന്.. ?

Jaihind News Bureau
Monday, March 3, 2025

അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ നിയമസഭയില്‍ വാക്‌പോര് നടന്നു. രമേശ് ചെന്നിത്തലയുടെ പ്രമേയ അവതരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായതാണ് പ്രതിപക്ഷത്തിനെ ചൊടിപ്പിച്ചത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍, ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്റെ പ്രശ്‌നം അറിയണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ ക്ഷുഭിതനായിക്കൊണ്ട് പറഞ്ഞു. അതിന് മറുപടിയായി മിസ്റ്റര്‍, ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തലയും പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത കാട്ടിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും സൃഷ്ടിക്കുന്ന ആശങ്കാജനകമായ സാഹചര്യം നിയമസഭ നിര്‍ത്തി വെച്ചാണ് ചര്‍ച്ച ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ നേരം ചര്‍ച്ച ചെയ്യാനുള്ള അനുമതിയാണ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങള്‍ക്കും പിന്നില്‍ ലഹരിയാണെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ ലഹരിക്ക് അടിമകള്‍ ആകുന്നുവെന്നും രമേശ് ചെന്നിത്തല സഭയില്‍ വ്യക്തമാക്കി. എസ്എഫ്‌ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചത്. ക്യാമ്പസിലെ റാഗിങ്ങിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്ന വിമര്‍ശത്തിന് പിന്നാലെയാണ് ഭരണപക്ഷം ബഹളം ഉണ്ടാക്കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട പദ്ധതിയാണ് വിമുക്തി. 9 വര്‍ഷമായി ഭരിക്കുന്ന സര്‍ക്കാര്‍ ലഹരിക്കെതിരെ എന്ത് നടപടിയാണ് എടുത്തത്തെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ എഴുതിത്തരുന്നത് പ്രസംഗിക്കാനാകില്ലെന്ന് വി ഡി സതീശനും ആക്ഷേപിച്ചു.