ഷഹബാസ് കൊലപാതകകേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ പത്താം ക്ളാസ് പരീക്ഷയെഴുതാന്‍ അനുവദിച്ചതില്‍ കെ എസ് യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലുള്ള പ്രതികളായ 5 വിദ്യാര്‍ഥികള്‍ ഇന്നു പൊലീസ് സംരക്ഷണത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനെതിരെയാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എംഎസ്എഫ് തുടങ്ങി വിവിധ സംഘടനകള്‍ പ്രകടനം നടത്തി.
പ്രതിഷേധവുമായി രംഗത്തുണ്ട്.
തന്റെ മകനെ കൊലപ്പെടുത്തിയവരെ പരീക്ഷയെഴുതാനായി സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് നഷ്ടമായെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞു. ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ സമ്മതിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ കോപ്പിയടിച്ചാല്‍ പോലും അവരെ പരീക്ഷയില്‍ നിന്നു മാറ്റി നിര്‍ത്താറാണ് പതിവ്. എന്നിട്ടും കൊലപാതികയായ ആള്‍ക്കാരെ പരീക്ഷയെഴുതിക്കുന്നത് വിഷമം ഉണ്ടാക്കുന്നു. എന്റെ മകനും ഇന്ന് പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു. അവനെ അടിച്ചു കൊന്നവരെ പരീക്ഷയെഴുതിക്കും എന്നറിഞ്ഞതോടെ ഞങ്ങള്‍ തകര്‍ന്നുപോയി. എന്നാല്‍ നീതി പീഠത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇക്ബാല്‍ പറയുന്നു
ഈ വര്‍ഷം അവരെ പരീക്ഷയെഴുതുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതായിരുന്നു. അടുത്ത വര്‍ഷം അതിന് അനുവദിച്ചാലും ഞങ്ങള്‍ക്ക് പ്രശ്നമില്ലായിരുന്നു. സര്‍ക്കാര്‍ അങ്ങനെയൊരു നടപടിയെടുത്തിരുന്നുവെങ്കില്‍ ബാക്കിയുള്ളവര്‍ക്കും ഒരു പാഠമായേനെ. ഇന്നവര്‍ പരീക്ഷയെഴുതി നാളെ കോളേജില്‍ പഠിക്കാന്‍ പോകുമ്പോള്‍ തോക്കും ആയിട്ടായിരിക്കും എത്തുക. ആര് എന്ത് ചെയ്താലും നീതി പീഠവും സര്‍ക്കാരും കുറ്റം ചെയ്തവര്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. സര്‍ക്കാരും നീതി പീഠവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറ്റം ചെയ്തവര്‍ക്ക് പരാമാവധി ശിക്ഷ നല്‍കണം.15 വയസില്‍ കുറ്റ കൃത്യം ചെയ്താല്‍ മുതിര്‍ന്ന വ്യക്തികള്‍ ചെയ്ത കുറ്റകൃത്യമായി കണക്കാക്കണമെന്നാണ് എന്റെ അഭിപ്രായം. ഇക് ബാല്‍ പറയുന്നു
ജുവനൈല്‍ ഹോമിനു മുന്നില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്. സംഘര്‍ഷസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, പ്രതികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടുകുന്നിലെ സ്കൂളിലേക്കു മാറ്റിയിരുന്നു. അതേസമയം, ഷഹബാസ് വധക്കേസില്‍ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേര്‍ത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കണ്ടെടുത്തത് ഇയാളുടെ വീട്ടില്‍ നിന്നായിരുന്നു. പ്രതികളില്‍ ഒരാളുടെ പിതാവ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്.