CBI അന്വേഷണമില്ല; നവീന്‍ ബാബുവിന്‍റെ ഭാര്യയ്ക്ക് വീണ്ടും തിരിച്ചടി

Jaihind News Bureau
Monday, March 3, 2025

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. ഹര്‍ജി തള്ളിയതില്‍ നിരാശയെന്നും പോലീസില്‍ വിശ്വാസമില്ലെന്നും CBI തന്നെ വരണമെന്നും ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.

2024 ഒക്ടോബര്‍ 15 ാണ്് കണ്ണൂരിലെ വസതിയില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം നടന്ന നവീന്‍ ബാബുവിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ക്ഷണിക്കാതെ കടന്നു വന്ന മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പോലീസ് അന്വേഷണത്തില്‍ പ്രാഥമിക നിഗമനം ആത്മഹത്യ എന്നായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്നും പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ രംഗത്തു വന്നിരുന്നു. അതേത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ദിവ്യയെ അറസ്റ്റ് ചെയ്യുകയും പിന്നീട് നവംബര്‍ 8 ന് ജാമ്യത്തില്‍ വിടുകയും ചെയ്തു. അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാത്തതിനാല്‍ സിബിഐ കേസ് ഏറ്റെടുക്കണമെന്ന് മഞ്ജുഷ നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.