സേവന വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ‘സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധമാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നിര്‍വഹിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും, കൊല്ലത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 22 ദിവസമായി സമരം തുടരുന്ന ആശാവര്‍ക്കര്‍മാരും ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.
നിയമസഭ സമ്മേളനം ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിച്ചു. ഈ വേളയില്‍ ഇന്ന് പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യത ആശമാരുടെ സമരമാകും. 22 ദിനമായി വെയിലും മഴയും കൊണ്ട് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന് നേരെ ആരോഗ്യ വകുപ്പും പിണറായി സര്‍ക്കാരും തിരിഞ്ഞു നില്ക്കുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. എത് വഴിയും അവരെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സമരത്തിന്റെ 21ആം ദിനം മഴ കനത്തതിനാല്‍ സമരക്കാര്‍ കെട്ടിയ ടാര്പ്പോളിന് ബലമായി എടുത്ത് മാറ്റുകയാണ് പിണറായി പോലീസ് ചെയ്തത്. ഇതിനു പിന്നിലും ഉന്നതരുടെ കൈയ്യുണ്ടെന്ന് മനസ്സിലാക്കാന്‍ അല്പം വിവേകം മതി. എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടി വന്നാലും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ സമരം തുടരും എന്നാണ് ആശമാര്‍ അറിയിച്ചിരിക്കുന്നത്. എല്ലാ പിന്തുണയും സമരത്തില്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറിയിച്ചിട്ടുണ്ട്.