കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും യുക്രൈന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സികിയും തമ്മില്‍ നടന്ന രൂക്ഷമായ വാക്പോരിന് പിന്നാലെ യുക്രൈന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത് എത്തി. യൂറോപ്യന്‍ ഉച്ചകോടിക്കായി ബ്രിട്ടനിലെത്തിയ സെലന്‍സ്കിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ വൈറ്റ് ഹൈസിലെ ഓവല്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപും സെലന്‍സ്കിയും തമ്മില്‍ രൂക്ഷമായ വാക്പോരാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് വൈറ്റ് ഹൗസ് വിട്ട് പുറത്ത് പോകാന്‍ സെലന്‍സ്കിയോട് ട്രംപ് ആജ്ഞാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുക്രൈന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത് വരുന്നത്. യൂറോപ്യന്‍ ഉച്ചകോടിക്കായി ബ്രിട്ടനിലെത്തിയ സെലന്‍സ്കിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ഉച്ചകോടിയില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി യുക്രൈനുള്ള പിന്തുണ ആവര്‍ത്തിച്ചു. ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്, പോളണ്ട്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഉക്രൈയിനിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സെലെന്‍സ്കി ഓരോരുത്തര്‍ക്കും നേരിട്ട് മറുപടി നല്കി.
യുക്രൈയിനിന്റെ സമ്പദ്വ്യവസ്ഥ, സമൂഹം, ഭാവി പുനര്‍നിര്‍മ്മാണം എന്നിവയ്ക്കുള്ള രാഷ്ട്രീയ, മാനുഷിക, സൈനിക, സാമ്പത്തിക പിന്തുണ യൂറോപ്യന്‍ യൂണിയന് നല്‍കുമെന്നും റഷ്യയുടെ ആക്രമണ യുദ്ധത്തിനും യുക്രൈനിയന്‍ പ്രദേശം പിടിച്ചെടുക്കാനുള്ള നിയമവിരുദ്ധ ശ്രമങ്ങള്‍ക്കും മുന്നില്‍ യുക്രെയിനിന് അചഞ്ചലമായ പിന്തുണ നല്കുന്നതില് ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന് അറിയിച്ചു. റഷ്യയുടെ പ്രകോപനരഹിതവും നീതീകരിക്കാത്തതുമായ സൈനിക ആക്രമണത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അതേസമയം റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ യുക്രൈന് പുനര്‍നിര്‍മ്മിക്കുന്നതിന് ആഗോളതലത്തില്‍ വലിയൊരു സാമ്പത്തിക ശ്രമം ആവശ്യമായി വരും. രാജ്യത്തിന്റെ തുടര്‍ച്ചയായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂണിയന് പിന്തുണ നല്‍കുമെന്നും നേരത്തെ അറിയിച്ചിരുന്നു.