വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ അഫാന്‍റെ അമ്മ ഷെമിനയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും രേഖപ്പെടുത്തി. പോലീസിന് മുന്നില്‍ പറഞ്ഞ അതേ കള്ളം ആവര്‍ത്തിക്കുകയായിരുന്നു ഷെമിന. പുറത്ത് നടക്കുന്നതൊന്നും അറിയാതെ, ക്രൂരതയുടെ മറുപേര് അഫാന്‍ എന്ന് ലോകം മുദ്രകുത്തി കഴിഞ്ഞുവെന്ന് അറിയാതെ ആ അമ്മ മകനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കുടുംബത്തിലെ ഉറ്റവര്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞ് സ്വന്തം മണ്ണില്‍ എത്തിയ അബ്ദുള്‍ റഹീമിന് മുന്നിലും ഇതേ കള്ളമാണ് ഷെമിന പറഞ്ഞത്. ഷാള്‍ മുറുക്കിയും ചുറ്റിക കൊണ്ട് അടിച്ചും ക്രൂരമായിട്ടാണ് അമ്മയെ മകന്‍ കൊല്ലാന്‍ ശ്രമിച്ചത്. കാന്‍സര്‍ രോഗി കൂടിയായ ഷെമിനയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നിട്ടും മകനെ ഒരു കോടതിക്ക് മുന്നിലും വിട്ടുകൊടുക്കാന്‍ ആ അമ്മ തയാറല്ല. അതിന് ഒരു കാരണമേ ഉള്ളൂ. അവര്‍ ഒരു അമ്മയാണ്.
കട്ടിലില്‍ നിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് പോലീസിനോടും മജിസ്‌ട്രേറ്റിനോടും ഭര്‍ത്താവിനോടും ആവര്‍ത്തിച്ച് പറയുമ്പോള്‍ ഷെമിനയ്ക്കും കേള്‍ക്കുന്നവര്‍ക്കും അത് കള്ളമാണെന്ന് അറിയാം. എങ്കിലും കേള്‍ക്കുന്നവര്‍ക്ക് എതിര്‍ത്ത് ഒന്നും പറയാന്‍ സാധിക്കുന്നില്ല. ഷെമിനയുടെ മൊഴി ശരിയല്ലെന്ന് പറഞ്ഞാല്‍ തന്‍റെ ഇളയ മകന്‍ അഫ്‌സാന്‍ ചേട്ടന്‍റെ ക്രൂരതയ്ക്കു മുന്നില്‍ എരിഞ്ഞമര്‍ന്നുവെന്നും കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ക്രൂരതയുടെ മുഖമാണ് തന്‍റെ മകനുള്ളതെന്നും ആ അമ്മയോട് പറയേണ്ടി വരും. താന്‍ മാത്രമാണ് ആക്രമിക്കപ്പെട്ടത് എന്നുള്ള വിശ്വാസത്തില്‍ മകനോട് പൊറുത്തതാവാം ആ അമ്മ. എന്നാല്‍, ഇപ്പോഴും ചികില്‍സയില്‍ കഴിയുന്ന കാന്‍സര്‍ രോഗി കൂടിയായ അമ്മയോട് മകന്‍റെ ക്രൂരതയുടെ വിവരങ്ങള്‍ പറയാന്‍ ഉറ്റവര്‍ക്ക് ഇപ്പോഴും ധൈര്യം വന്നിട്ടില്ല.
കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി അഫാന്റെ മൊഴിയില്‍ നിന്നും പ്രാഥമിക അന്വേഷണത്തില്‍ നിന്നും പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ഇത്തരം വിവരങ്ങള്‍ ഒന്നും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അബ്ദുള്‍ റഹീമിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.