താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്‍റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ് ഷഹബാസ്. ട്യൂഷന്‍ സെന്‍ററിലെ യാത്രയയപ്പിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ തലയ്കക്കു ഗുരുതരമായി പരിക്ക് പറ്റുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. നില വശളായതിനെ തുടർന്ന് പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റി.
ട്യൂഷന്‍ സെന്‍ററിലെ യാത്രയയപ്പിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ട്യൂഷന്‍ സെന്‍ററിലെ ഫെയർവെല്‍ പാർട്ടിക്ക് ഡാന്‍സ് കളിച്ച എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളെ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകി കളിയക്കിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. തര്‍ക്കത്തിന് പിന്നാലെ റോഡില്‍ വച്ച് രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനു പകരംവീട്ടാനാണ് വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കുകയും കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തി പരസ്പരം ഏറ്റുമുട്ടുകയും ചെയ്തത്.
ഷഹബാസ് ഈ ട്യൂഷന്‍ സെന്‍ററിലെ വിദ്യാര്‍ഥി അല്ല എന്നതാണ് വേദനിപ്പിക്കുന്ന കാര്യം. ഒരു സുഹൃത്ത് ഷഹാബാസിനെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോയി മരണത്തിന് ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. സംഘർഷത്തിലുണ്ടായിരുന്ന താമരശ്ശേരി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. എന്നാല്‍,കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഷഹബാസിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഷഹബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ഇന്‍സ്റ്റഗ്രാം ചാറ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നുമാണ് ചാറ്റില്‍ പറയുന്നത്.