നിര്‍മ്മാണ ഖനനമേഖലകളുടെ പ്രകടനം മോശം; മൂന്നാം പാദ ജിഡിപി 6.2 %

Jaihind News Bureau
Friday, February 28, 2025

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം( GDP) 6.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനമാണിത്. നിര്‍മ്മാണ, ഖനന മേഖലകളുടെ പ്രകടനം പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് അടിസ്ഥാനമാക്കി 2024-25 ല്‍ രാജ്യത്തിന്റെ വളര്‍ച്ച 6.5 ശതമാനമായി പരിഷ്‌ക്കരിച്ചു.

202425ല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനമാനത്തില്‍ മാത്രമേ എത്തുകയുള്ളൂ എന്നാണ് നേരത്തേ പ്രവചിക്കപ്പെട്ടിരുന്നത് . നരേന്ദ്ര മോദി സര്‍ക്കാരിന് സാമ്പത്തിക മാന്ദ്യത്തിന്റെ ‘യാഥാര്‍ത്ഥ്യം’ നിഷേധിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 9.2% രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇടിഞ്ഞ് 6.5ല്‍ എത്തി നില്‍ക്കുന്നത്. മുന്നോട്ട് നോക്കുമ്പോള്‍, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 6.5% ആയിരിക്കും എന്നു കണക്കാക്കിയിട്ടുണ്ട്.

2023-24ല്‍ രേഖപ്പെടുത്തിയ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിഡിപി വളര്‍ച്ചയുടെ മുന്‍കൂര്‍ എസ്റ്റിമേറ്റ് 6.4 ശതമാനം വളര്‍ച്ച മാത്രം പ്രവചിക്കുന്ന ‘കുത്തനെയുള്ള ഇടിവ്’ ആണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി (കമ്മ്യൂണിക്കേഷന്‍സ്) ജയറാം രമേശ് രണ്ടാം പാദപ്രകടനെങ്ങളെ കുറിച്ചു പറഞ്ഞിരന്നു.

‘ഇന്ത്യയുടെ വളര്‍ച്ചാ മാന്ദ്യം എന്ന യാഥാര്‍ത്ഥ്യത്തെ സര്‍ക്കാരിന് ഇനി നിഷേധിക്കാന്‍ കഴിയില്ല… വളര്‍ച്ചാ മാന്ദ്യത്തിന്റെയും നിക്ഷേപ വരള്‍ച്ചയുടേയും ഈ ആശങ്കകളെ സമൂലമായ നടപടി ആവശ്യമാണെന്ന് കോണ്‍ഗ്രസ് നിരന്തരം പറാറുണ്ട്. ‘ രമേശ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തില്‍ 11.11 ലക്ഷം കോടി രൂപ മൂലധന നിക്ഷേപമായി ലക്ഷ്യമിട്ടിരുന്നെങ്കിലും നവംബര്‍ വരെ 5.13 ലക്ഷം കോടി രൂപ മാത്രം ചെലവഴിച്ചതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ രമേശ്, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മിക്ക കണക്കുകളും സൂചിപ്പിക്കുന്നു.