ഓഹരിവിപണിയില്‍ വീണ്ടും ചോരക്കളി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

Jaihind News Bureau
Friday, February 28, 2025

ഓഹരി വിപണിയില്‍ വീണ്ടും ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50യും വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വന്‍ തകര്‍ച്ച നേരിട്ടു. ബിഎസ്ഇ സെന്‍സെക്‌സ് 1,015 പോയിന്റ് ഇടിഞ്ഞ് 73,597ലെത്തി. നിഫ്റ്റി 317 പോയിന്റുകള്‍ ഇടിഞ്ഞ് 22,227.90 ലും വ്യാപാരം തുടരുന്നു. ബാങ്കിംഗ്, ഐടി മേഖലാ ഓഹരികളിലാണ് വന്‍ തിരിച്ചടി നേരിട്ടത്. ബിഎസ്ഇയില്‍ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം 5.8 ലക്ഷം കോടി രൂപ കുറഞ്ഞ് 387.3 ലക്ഷം കോടി രൂപയിലെത്തി എന്ന് കണക്കാക്കുന്നു.മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ തുടര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 1.93 ശതമാനം ഇടിഞ്ഞു, ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.94 ശതമാനം ഇടിഞ്ഞു.

ഈ വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ വളര്‍ച്ചാ നിരക്കുകള്‍ ഇന്നു പുറത്തിറങ്ങാനിരിക്കെയാണ് വിപണിയില്‍ വിറ്റഴിക്കല്‍ പ്രവണതയുണ്ടായത്. 2024 ഒക്ടോബര്‍-ഡിസംബര്‍ പാദവാര്‍ഷിക ജിഡിപി ഡാറ്റ പുറത്തിറങ്ങാനിരിക്കെ വിപണി ആശങ്കയിലാണ്. ഒപ്പം , യുഎസിലെ സാമ്പത്തിക ഭീഷണികളെ കുറിച്ചുള്ള വാര്‍ത്തകളും ഇന്ത്യന്‍ വിപണിയെ യേയും സംശയത്തിലാക്കി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികമായി പത്തുശതമാനം താരിഫ് കൂടി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് ഓഹരി വിപണിയെ ഇന്ന് സ്വാധീനിച്ചത്. മികച്ച മണ്‍സൂണിനെ തുടര്‍ന്ന് മെച്ചപ്പെട്ട ഗ്രാമീണ ഉപഭോഗവും മികച്ച് പ്രതീക്ഷകളാണ് നല്‍കുന്നത്. മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുതിച്ചുയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കു കൂട്ടുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (NSO) 2024-25 സാമ്പത്തിക വര്‍ഷത്തെ ജിഡിപി സംബന്ധിച്ച കണക്കുകള്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് പുറത്തുവരും

നിര്‍ണായകമായ ജിഡിപി കണക്കുകള്‍ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതയിലാണ്. മറ്റ് ബാഹ്യ ഘടകങ്ങളില്‍, ജപ്പാനിലെ പണപ്പെരുപ്പമാണ് ആശങ്ക. ടോക്കിയോയിലെ ഉപഭോക്തൃ വിലകള്‍ ഫെബ്രുവരിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.2 ശതമാനം ഉയര്‍ന്നതായി സമീപകാല ഡാറ്റ കാണിക്കുന്നു. പണപ്പെരുപ്പം നാല് മാസത്തിനുള്ളില്‍ ആദ്യമായി കുറഞ്ഞെങ്കിലും, ബാങ്ക് ഓഫ് ജപ്പാന്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 2 ശതമാനം മുകളിലായി തുടരുകയാണ്. ഈ ഉയര്‍ന്ന പണപ്പെരുപ്പമാണ് നിക്ഷേപകരെ അകറ്റുന്നത്.