താങ്ങില്ല സര്‍ക്കാരേ…. ഇനി സമരങ്ങളുടെ പെരുമഴ എന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, February 27, 2025

കള്ളക്കടത്ത് നടത്തുന്നതിൽ അധികവും എസ്എഫ്ഐ ഡിവൈഎഫ്ഐക്കാരെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ കുറ്റപ്പെടുത്തി. കേരളത്തെ ലഹരിയുടെ പറുദീസയാക്കിയത് ഇടത് സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നേതൃത്വത്തിൽ കടൽമണൽ ഖനനവും, തീരദേശ മേഖലയിലെ വിവിധ വിഷയങ്ങളും ഉന്നയിച്ചുകൊണ്ട് ഏപ്രിൽ 21ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന തീരദേശ യാത്ര നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്രധാനമായും നേതൃയോഗത്തിൽ ചർച്ച ചെയ്തതതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സർക്കാരിന്‍റെ നിഷ്ക്രിയത്തിനെതിരെ കൂടുതൽ സജീവമായി വിവിധ പരിപാടികൾ നടത്താനും തീരുമാനമായി. നോ ഡ്രഗ്ഗ്സ് നോ ക്രൈം എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച്‌ 5 ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും  യുഡിഎഫ് നേതൃത്വത്തിൽ മണ്ഡലം,ജില്ലാ, സംസ്ഥാന കൺവെൻഷനുകൾ മാർച്ച് മാസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതങ്ങളും അക്രമങ്ങളും ഉണ്ടായിട്ടും നിഷ്ക്രിയരായിരിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹസന്‍. സമരത്തിൽ എൽഡിഎഫിനെ കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. SC, ST ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ഏപ്രിൽ നാലിനു രാപ്പകൽ സമരം നടത്തും. വന്യജീവി ആക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഏപ്രിൽ പത്തിന് ജില്ലകളിലെ ഫോറസ്റ്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആശാവർക്കർമാരുടെ സമരത്തിന് UDF പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചെന്നും അദ്ദേഹം അറിയിച്ചു. ആശാ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. കേന്ദ്രസർക്കാരുമായി സമരവും മറുവശത്ത് സന്ധിയും ആണ് സിപിഎം നടത്തുന്നത്. മെഡിക്കൽ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി കേരളത്തിൽ ഒരു ഹെൽത് കോൺക്ലൈവ് നടത്തുമെന്നും കൊച്ചിയിൽ യുഡിഎഫ് നേതൃയോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.