‘സമരത്തിന് പോകരുത്; നേരമില്ലെന്ന് പറഞ്ഞേക്കണം’- ആലപ്പുഴയിലെ ആശമാര്‍ക്ക് സിഐടിയു ഭീഷണി

Jaihind News Bureau
Wednesday, February 26, 2025
ആലപ്പുഴ: ആലപ്പുഴയിൽ ആശാവർക്കേഴ്സ് യൂണിയൻ അംഗങ്ങൾക്ക് നൽകിയ ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആശമാരോടുള്ള സിഐടിയുവിന്‍റെ ഭീഷണിയാണ് ശബ്ദസന്ദേശത്തില്‍ അടങ്ങിയിരിക്കുന്നത്. എല്ലാം നേടി തന്നത് സിഐടിയു എന്നും പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു സമരത്തിന് പോകണമെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്.രണ്ടാഴ്ച പിന്നിട്ട ആശാവർക്കർമാരുടെ സമരത്തിന് ഇതുവരെയും പിന്തുണ നല്‍കാനോ അവരുടെ ആവശ്യങ്ങള്‍ നടത്തിക്കെടുക്കാനോ സർക്കാർ ഇതുവരെയും തയാറായിട്ടില്ല.

 

തിരുവന്തപുരത്ത് നടക്കുന്ന ആശാവർക്കർമാരുടെ സംസ്ഥാന തല സമരത്തിന് പിന്തുണയർപ്പിച്ച്  കോഴിക്കോട്, ആലപ്പുഴ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്ന സമരത്തിൽ പോകരുതെന്നാണ് സിഐടിയു എന്ന ആശാ വർക്കർമാരുടെ സംഘടനയിൽ വന്ന സന്ദേശത്തിൽ പറയുന്നത്. 27 മുതലാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ലെന്നും, തൊഴിലുറപ്പ് തൊഴിലാളികളും ഉണ്ടെന്നും വാട്സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശത്തിൽ പറയുന്നു. ആവശ്യങ്ങൾ നേടി സമരം അവസാനിപ്പിച്ചെത്തിയപ്പോഴാണ് ഇവർ സമരവുമായി വന്നതെന്നും സന്ദേശത്തിൽ പറയുന്നു. മാധ്യമങ്ങൾ ചോദിച്ചാൽ ഒന്നും പറയരുതെന്നും ആശമാരെ വിളിച്ചാൽ നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറണമെന്നുംസ്ഥലത്തില്ലെന്ന് പറഞ്ഞേക്കണമെന്നും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. നാളെയാണ് ആലപ്പുഴയിൽ ആശാ വർക്കർമാരുടെ കലക്ടറേറ്റ് മാർച്ച്.