‘പോസ്റ്റ് പാളത്തിലിട്ടത് മുറിച്ചെടുക്കാൻ’- വിചിത്ര മൊഴി നല്‍കി പ്രതികള്‍

Jaihind News Bureau
Sunday, February 23, 2025

റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട കേസിൽ അറസ്റ്റിലായ രണ്ടുപേരും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് കണ്ടെത്തി. അതിനാൽ ഇവരുടെ മൊഴികൾ നേരിട്ട് വിശ്വസിക്കാതെ കൂടുതൽ അന്വേഷണങ്ങൾ നടത്താനാണ് പോലീസ് തീരുമാനം. കുണ്ടറ സ്വദേശികളായ രാജേഷും അരുണുമാണ് കേസിൽ പിടിയിലായത്. ഇരുവരും നിരവധി കുറ്റകൃത്യങ്ങളിൽ നേരത്തെ ഉൾപ്പെട്ടവരാണെന്നും, ഇതുവരെ പത്തോളം കേസുകളിൽ പ്രതികളായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ മുൻപ് കുണ്ടറയിലെ ഒരു എസ്‌ഐയെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു.

ടെലിഫോൺ പോസ്റ്റുകൾ മോഷ്ടിച്ച് ലാഭത്തിനായി വിൽക്കാനായിരുന്നു ഇവരുടെ പദ്ധതി എന്നതാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത് . ട്രെയിൻ പാളത്തിൽ പോസ്റ്റ് വെച്ചാൽ  മുറിഞ്ഞുപോകും എന്ന് കരുതിയാണ്  ഇത്തരമൊരു നീക്കമെന്നാണ് ഇരുവരും മൊഴി നൽകിയത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന് കൊല്ലം റൂറൽ എസ്പി കെ.വി. സാബു വ്യക്തമാക്കി. സംഭവദിവസം ഇരുവരും മദ്യപിച്ചിരുന്നതായി തെളിയിച്ചിട്ടുണ്ട്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ഡാറ്റയും പരിശോധിച്ചപ്പോൾ പ്രതികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കൂടാതെ, ഈ സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണ് പോലീസ്. റെയിൽവേ പാളത്തിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ പോസ്റ്റുകൾ വെച്ചിരുന്നതുകൊണ്ട് അട്ടിമറിശ്രമമാകാമെന്ന് സംശയിക്കുന്നു.

സംഭവത്തെ തുടർന്ന്, റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശനിയാഴ്ച ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അന്തിമമായ നടപടികൾ സ്വീകരിക്കൂ എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.