തിരുവനന്തപുരം: ബജറ്റിലേക്കുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല.
മുന്‍കാലങ്ങളില്‍ പൂര്‍ണ്ണ ദിവസം ഈ ധനാഭ്യര്‍ത്ഥനയുടെ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം 2025 മാര്‍ച്ച് 19-ന് ഇത് ഉള്‍പ്പെടെ ഏഴ് ധനാഭ്യര്‍ത്ഥനകളാണ് ചര്‍ച്ചയ്ക്കായി നിശ്ചയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫലപ്രദമായ ചര്‍ച്ച നടത്തുന്നതിനു വേണ്ടി ഷെഡ്യൂള്‍ പുനര്‍ ക്രമീകരിക്കണമെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.
ചട്ടം 143, കീഴ് വഴക്കങ്ങള്‍ എന്നിവ പ്രകാരം പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് നാളിതുവരെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കുള്ള അന്തിമ ടൈംടേബിള്‍ കേരള നിയമസഭ തയാറാക്കുന്നത്. എന്നാല്‍ ഇത്തവണ പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം പൂര്‍ണമായും തള്ളുന്ന സമീപനമാണ് സ്പീക്കര്‍ സ്വീകരിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിയമസഭ പാസാക്കി ധന വിനിയോഗത്തിന് അനുമതി നല്കിയ ധനാഭ്യര്ത്ഥനകളില് ഉള്‍പ്പെടെ, സര്‍ക്കാര്‍ വെട്ടിച്ചുരുക്കല്‍ നടത്തിയതിലൂടെ പല ക്ഷേമ പദ്ധതികളും മുടങ്ങുകയും വലിയ പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വരും വര്‍ഷത്തെ ബജറ്റിലേക്കുള്ള ധനഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം ലഭിക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ പുനക്രമീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിന്നാക്ക വിഭാഗങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതു സംബന്ധിച്ച വിഷയം പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കുകയും സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് ആവശ്യമായ സമയം അനുവദിക്കാത്ത സ്പീക്കറുടെ നടപടി.
പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മതിയായ സമയം അനുവദിക്കാത്ത സ്പീക്കറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും തീരുമാനം പുനര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് വീണ്ടും കത്ത് നല്കി.
സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് നല്കിയ കത്ത് പൂര്‍ണരൂപത്തില്‍
2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള ദിവസവും മുന്‍ഗണന ക്രമവും സംബന്ധിച്ച ഒരു കരട് നിര്‍ദേശം ചട്ടം143 പ്രകാരം പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിനായി 12.2.25നു നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും ലഭ്യമാക്കിയിരുന്നു. ഒരു ദിവസം 7 ധനാഭ്യര്‍ത്ഥനകള്‍ വരെ ചര്‍ച്ച ചെയ്യുന്ന രീതിയിലായിരുന്നു കരട് നിര്‍ദ്ദേശം. ആയതിനാല്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റു പിന്നാക്ക/ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ഉള്‍പ്പെടെയുള്ള പ്രധാന ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം ലഭ്യമാകുന്ന രീതിയില്‍ ഷെഡ്യൂള്‍ പുനര്‍ ക്രമീകരിക്കണമെന്ന എന്റെ നിര്‍ദ്ദേശം ഓഫീസില്‍ നിന്നും 14.2.25നു നിയമസഭാ സെക്രട്ടറിയേറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍, പ്രസ്തുത നിര്‍ദ്ദേശം പരിഗണിക്കാതെ 18.2.25-ലെ പാര്‍ട്ട് 2 ബുള്ളറ്റിന് നമ്പര്‍ 608 പ്രകാരം ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു.
12.2.25നു ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കിയതിനാല്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചതായാണ് 19.2.25ലെ കത്ത് മുഖേന നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്. നിയമസഭ അംഗീകരിച്ച കാര്യോപദേശക സമിതിയുടെ പതിനാറാമത് റിപ്പോര്‍ട്ട് പ്രകാരം, ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കുള്ള ദിവസങ്ങള്‍ 13 ല്‍ നിന്ന് 7 ആയി പരിമിതപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഏതൊക്കെ ധനാഭ്യര്‍ത്ഥനകള്‍ ഏതൊക്കെ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യണം എന്ന മുന്‍ഗണനാക്രമം കാര്യോപദേശക സമിതി യോഗം അംഗീകരിച്ചിട്ടില്ല. ആയതിനാലാണ്, കാര്യോപദേശക സമിതി യോഗത്തിന് ശേഷം ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മുന്‍ഗണനക്രമം സംബന്ധിച്ച് നിയമസഭാ സെക്രട്ടറിയേറ്റ് രേഖാമൂലം നിര്‍ദ്ദേശം ആവശ്യപ്പെട്ടത് എന്ന കാര്യം സുവ്യക്തവുമാണ്.
നിയമസഭ പാസാക്കി ധന വിനിയോഗത്തിന് അനുമതി നല്കിയ ധനാഭ്യര്ത്ഥനകളില് സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തുന്നതിലൂടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങുകയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വലിയ പ്രതിസന്ധി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ്, പ്രസ്തുത ധനാഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യുന്നതിന് പര്യാപ്തമായ സമയം അനുവദിക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ പുനര്‍ ക്രമീകരിക്കണമെന്ന് പൊതുതാല്പര്യം മുന്‍നിര്‍ത്തി നിര്‍ദേശം നല്‍കിയത്.
ചട്ടം 143, കീഴ് വഴക്കങ്ങള്‍ എന്നിവ പ്രകാരം പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് ധനാഭ്യര്‍ത്ഥന ചര്‍ച്ചകളുടെ മുന്‍ഗണന സംബന്ധിച്ച ഷെഡ്യൂള്‍ അന്തിമമാക്കി പ്രസിദ്ധീകരിക്കുന്ന കീഴ് വഴക്കമാണ് കേരള നിയമസഭ നാളിതുവരെ പിന്തുടരുന്നത്. എന്നാല്‍, കാര്യോപദേശക സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു കാരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട ചെയര്‍ ഏകപക്ഷീയമായ തീരുമാനമെടുത്തത് പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ്. ഈ കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ചത് ഉള്‍പ്പെടെ പ്രധാന ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ ഭേദഗതി ചെയ്ത് പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.