ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര് കൊല്ലപ്പെട്ട സംഭവത്തിന് കാരണമായത് റെയില്‍വേയുടെ പിഴവാണെന്ന സൂചന നല്കി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം രൂപീകരിച്ച രണ്ടംഗ ഉന്നതതല സമിതിക്ക് ആര്‍പിഎഫ് സമര്‍പ്പിക്കും. പ്രയാഗ്രാജിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ പുറപ്പെടുന്ന പ്ലാറ്റ്ഫോമില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണെന്ന് ദുരന്തത്തിനിടയാക്കിയ തിക്കും തിരക്കിനും കാരണമായതെന്നാണ് ആര്‍പിഎഫ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്
ദുരന്തത്തെ പറ്റി ആര്‍പിഎഫ് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച രാത്രി 8.45 ഓടെ, പ്രയാഗ്രാജിലേക്ക് പോകുന്ന കുംഭ സ്പെഷ്യല്‍ പ്ലാറ്റ്ഫോം നമ്പര്‍ 12 ല്‍ നിന്ന് പുറപ്പെടുമെന്ന് റെയില്‍വേയുടെ ആദ്യ അറിയിപ്പ് ഉണ്ടായി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം കുംഭ സ്പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്ഫോം നമ്പര്‍ 16 ല്‍ നിന്ന് പുറപ്പെടുമെന്ന് മറ്റൊരു അറിയിപ്പ് ലഭിച്ചു. ഇത് ആയിരക്കണക്കിന് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കി. ട്രെയിന്‍ പിടിക്കാനുളള തിക്കിലും തിരക്കിലും യാത്രക്കാര്‍ പരക്കംപാഞ്ഞു. ഇതാണ് ദുരന്തത്തിന് കാരണമായത്. ഈ സമയത്ത്, മഗധ് എക്സ്പ്രസ് പ്ലാറ്റ്ഫോം 14 ലും ഉത്തര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് പ്ലാറ്റ്ഫോം 15 ലും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ കാത്തുനിന്ന യാത്രക്കാരുടെ ഒരു കൂട്ടം പ്ലാറ്റ്ഫോം 14 ലും കാത്തു നിന്നിരുന്നു. ഇതെല്ലാം നിയന്ത്രിക്കാനാവാത്ത തിരക്കിനു കാരണമായതായും ആര്‍പിഎഫ് റിപ്പോര്‍ട്ട് പറയുന്നു.
‘അറിയിപ്പ് കേട്ടയുടനെ, 12-13, 14-15 പ്ലാറ്റ്ഫോമുകളില്‍ നിന്ന് യാത്രക്കാര്‍ ഫുട്-ഓവര്‍ ബ്രിഡ്ജുകള്‍ വഴി കയറാന്‍ ശ്രമിച്ചു; മഗധ് എക്സ്പ്രസ്, ഉത്തര്‍ സമ്പര്‍ക്ക് ക്രാന്തി, പ്രയാഗ്രാജ് എക്സ്പ്രസ് എന്നിവയിലെ യാത്രക്കാര്‍ പടികള്‍ ഇറങ്ങുകയായിരുന്നു. ഉന്തും തള്ളലിനും ഇടയില്‍, ചില യാത്രക്കാര്‍ വഴുതി വീഴുകയും പടികള്‍ കയറി പരിക്കേല്‍ക്കുകയും ചെയ്തു; താഴെ വീണവരുടെ മുകളിലൂടെ മറ്റ് യാത്രക്കാര്‍ നടക്കാന്‍ തുടങ്ങി,’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇത് അന്തിമ റിപ്പോര്‍ട്ടല്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഒന്നിലേറെ വകുപ്പുകളോട് ദുരന്തത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ ആര്‍പിഎഫും ഉള്‍പ്പെടുന്നു. എല്ലാവരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം, മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതി അവരില്‍ നിന്ന വിശദീകരണം തേടും. ഇതിനു ശേഷമായിരിക്കും പിന്നീട് അന്തിമ നിഗമനത്തിലെത്തുക എന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്