മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മറികടന്ന്. സിഇസിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന് കമ്മിറ്റിയില്‍ പങ്കെടുത്താണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിച്ചത്. എന്നാല്‍ ഇതു പരിഗണിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെട്ട കമ്മിറ്റി പുതിയ കമ്മിഷണറെ തീരുമാനിക്കുകയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറേയും മറ്റ് അംഗങ്ങളേയും തീരുമാനിക്കാനുള്ള മാനദണ്ഡങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഏകപക്ഷീയമായ മാറ്റം കൊണ്ടുവന്നിരുന്നു. കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്. ഇതിനെതിരായ പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. കോടതി ഈ പരാതി ബുധനാഴ്ച പരിഗണിക്കാനിരിക്കെ സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷമെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് രാഹുല്‍ ഗാന്ധി നിലപാട് എടുത്തത്. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷണറെ കണ്ടെത്തുന്നതിനായുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഇത് കമ്മിറ്റി അനുവദിച്ചില്ല . തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തത്. നിലവിലെ മുഖ്യ കമ്മിഷണറായ രാജീവ് കുമാര്‍ ഇന്ന് സ്ഥാനമൊഴിയും. വിവേക് ജോഷിയെ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായും തെരഞ്ഞെടുത്തു. ബിഹാറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
കേരള കേഡര്‍ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാര്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍, അടൂര്‍ സബ് കലക്ടര്‍, കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍, കൊച്ചി കോര്പ്പറേഷന് മുനിസിപ്പല്‍ കമ്മീഷണര്‍, കേരള സംസ്ഥാന കോ- ഓപ്പറേറ്റീവ് ബാങ്ക് എംഡി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന കേന്ദ്ര സര്‍വ്വീസിലേയ്ക്കു മടങ്ങിയ ഗ്യാനേഷ് കുമാര്‍ നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ബില്‍ തയ്യാറാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയായിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും കൈകാര്യം ചെയ്തു.