ഈസ് ഓഫ് ഡൂയിങ് ബിസിനസ്: കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കേരളം, ഉള്ള സ്ഥാനവും പോയേക്കും

Jaihind News Bureau
Monday, February 17, 2025

കേരളത്തിലെ വ്യവസായമേഖലയ്ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന സിപിഎം ഇപ്പോള്‍ വലിയ സംരക്ഷകവേഷത്തിലാണ് അവതരിച്ചിരിക്കുന്നത്. കേരളം വ്യവസായസൗഹൃദമാണ്..കണ്ടിട്ട് മനസ്സിലാകുന്നില്ലേ എന്ന മട്ടിലാണ് ഭരണകക്ഷി നേതാക്കളുടെ സംസാരം. പെട്ടിക്കടകളെ വരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ലക്ഷക്കണക്കിന് വ്യവസായം വന്നേ.. വന്നേ എന്നു നിലവിളിക്കുന്നവരുടെ ആവേശമൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാണിക്കുന്നില്ല. കാരണം സത്യാവസ്ഥ അവര്‍ക്കറിയാം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക നിര്‍ണ്ണയിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭൂരിഭാഗവും പാലിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. ആ സ്ഥിതിയില്‍ ഉള്ള റാങ്കിംഗ് തന്നെ നഷ്ടപ്പെടുമെന്ന ഭീതിയിലാണിവര്‍.

കേരള വികസനസൂചികയെ പറ്റി രാഷ്ട്രീയ തര്‍ക്കം മുറുകുന്നതിനിടെ കേരളം കേന്ദ്രം നിര്‍ദേശിച്ച പല പരിഷ്‌കാരങ്ങളും ഇനിയും കേരളം നടപ്പാക്കിയിട്ടില്ലെന്നു ചീഫ് സെക്രട്ടറി കഴിഞ്ഞമാസം വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗം വിലയിരുത്തി. ഇതിന്റെ അടിയന്തരാവസ്ഥ പരിഗണിച്ച് ഈ മാസം പകുതിയോടെ എല്ലാ വകുപ്പുകളും നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സഹകരണം. എക്‌സൈസ്, തൊഴില്‍, തദ്ദേശം റജിസ്‌ട്രേന്‍ തുടങ്ങിയ വകുപ്പുകള്‍ക്കാണ് ഏറെ വിമര്‍ശനം. ഈസ് ഓഫ് ഡൂയിങ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ ഈ വകുപ്പുകള്‍ കുറെക്കൂടി വേഗത പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

ഈസ് ഓഫ് ഡൂയിങ് ബിസി നസിന്റെ ഭാഗമായുള്ള വ്യവസായ പരിഷ്‌കാര കര്‍മപദ്ധതി പ്ലസ് കാറ്റഗറിയില്‍ നടപ്പാക്കേ ണ്ടത് 70 പരിഷ്‌കാരങ്ങളാണ്. ഇതില്‍ 61 എണ്ണവും കേരളം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് വ്യവസായ സെക്രട്ടറി കഴിഞ്ഞ മാസത്തെ യോഗത്തില്‍ അറിയിച്ചത്. വ്യക്തിഗത പരിഷ്‌കാരങ്ങളിലാകട്ടെ 68ല്‍ 9 എണ്ണമേ നടപ്പാക്കിയിട്ടുള്ളൂവെന്നും യോഗം വിലയിരുത്തി.