കേരളത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലെന്ന് ഇന്ത്യാ ടുഡേ -സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എംഒടിഎന്‍) അഭിപ്രായ വോട്ടെടുപ്പ് ഫലം. ഇപ്പോള്‍ വോട്ടെടുപ്പു നടന്നാല്‍ സിപിഎം കൂടുതല്‍ പരിതാപാവസ്ഥയിലെത്തുമെന്നാണ് പ്രവചനം. എല്‍ഡി എഫ് ഭരണ സഖ്യത്തിന് വോട്ടു വിഹിതം ഇനിയും കുറയുമെന്നും അതിനാല്‍ ഉള്ള സീറ്റ് നഷ്ടപ്പെടാനുള്ള സാദ്ധ്യതയും സര്‍വ്വേ പറയുന്നു.
ഇന്ത്യ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എംഒടിഎന്‍) അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത് യുഡിഎഫിന് 18 സീറ്റുകളാണ്. എല്‍ഡിഎഫിന് ഒരു സീറ്റ് ലഭിക്കാനുള്ള സാദ്ധ്യത പറയുന്നുണ്ടെങ്കിലും 2024 നേക്കാള്‍ വോട്ട് വിഹിതം കുറയും. ഇടതു സഖ്യത്തിന് വോട്ട് വിഹിതത്തില്‍ കുറവുണ്ടാകുമെന്നാണ് എംഒടിഎന്‍ സര്‍വേ പ്രവചിക്കുന്നത്. ബി.ജെ.പിയെ ഏഴു ശതമാനം വോട്ടു വര്‍ദ്ധിപ്പിക്കുമെന്നും സര്‍വ്വേ പറയുന്നു.
ഇന്ത്യ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ 2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയില്‍ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമുള്ള 125,123 വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്. ട്രാക്കിംഗ് ഡാറ്റകള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനത്തില്‍ നിന്ന് 7 ശതമാനം വര്‍ദ്ധിക്കും. ഈ വര്‍ദ്ധനവ് എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ 2 ശതമാനം കുറവു വരുത്തും .
ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കില്‍, യു.ഡി.എഫിന്റെ വോട്ട് വിഹിതം 42 ശതമാനത്തിലും , എല്‍.ഡി.എഫിന് 30 ശതമാനവും ബി.ജെ.പിയുടെ വോട്ട് വിഹിതം 24 ശതമാനവും ആയിരിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന് ഒരു ശതമാനം കുറവാണ് കണക്കുകള്‍ കാണിക്കുന്നത്.
എന്നാല്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചകമായി ഇതു കണക്കാക്കാനാവില്ലെന്നു സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ രാഹുല്‍ വര്‍മ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. ഈ കണക്കുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവചനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ ദേശീയ തലത്തിലുള്ള രാഷ്ട്രീയ ശക്തിയായി ജനങ്ങള്‍ കാണുന്നില്ലെന്നും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. ഇതാണ് യു ഡി എഫിന് പ്രയോജനകരമാകുന്നതെന്നും രാഹുല്‍ വര്‍മമ അഭിപ്രായപ്പെട്ടു.