‘കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം’: വിഡി സതീശന്‍

Jaihind News Bureau
Friday, February 14, 2025

വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്. 50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31-ന് മുന്‍പ് വിനിയോഗിക്കണമെന്നതാണ് നിര്‍ദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. വയനാടിന് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കു എതിരെ കോണ്‍ഗ്രിസിന്‍റെ പ്രതിഷേധം അതിശക്തമായിരുന്നു. പാര്‍ലമെന്റിലും കോണ്‍ഗ്രസ് എംപിമാര്‍ വയനാടിനൊപ്പം ശബ്ദമുയര്‍ത്തി. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തില്‍ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.