പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നിരാശയെന്ന് കോണ്‍ഗ്രസ്. നികുതി നിരക്കില്‍ ഇളവില്ലാതെ യു എസ് നിലപാട്. അദാനിയുടെ അഴിമതി ആരോപണം മോദി മറയ്ക്കുന്നതായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ‘പ്രിയ സുഹൃത്ത്’ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു. പക്ഷേ ഏറെ പ്രതീക്ഷകള്‍ അതില്‍ വേണ്ടെന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചെങ്കിലും പിന്നീടുള്ള സമീപനങ്ങളൊന്നും ആ രീതിയില്‍ ആയിരുന്നില്ല.
ഇന്ത്യയുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമായിരുന്ന നികുതി നിരക്കില്‍ ഒരു മാറ്റവും വരുത്താന്‍ പക്ഷേ യുഎസ് തയ്യാറാവാത്തത് വന്‍ തിരിച്ചടിയാണ്. അതു മാത്രമല്ല, പരസ്പരം പ്രകടമാക്കിയ ആദരവിന്റെയും പ്രശംസയുടെയും ‘ഷോകള്‍ക്ക് ‘ അപ്പുറം , വ്യാപാരത്തിന്റെയും താരിഫുകളുടെയും കഠിന യാഥാര്‍ത്ഥ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ഇന്ത്യ താരിഫ് നിരക്കുകളില്‍ ഏറ്റവും മുന്നിലാണെന്ന് ട്രംപ് തുറന്നടിച്ചു. ഇന്ത്യ എത്ര ഈടാക്കിയാലും ആ നിരക്കു തന്നെ ഞങ്ങള്‍ അവരില്‍ നിന്നും ഈടാക്കും. അതിനാല്‍, സത്യം പറഞ്ഞാല്‍, ഇന്ത്യ എന്ത് ഈടാക്കുന്നു എന്നത് ഇനി മുതല്‍ ഞങ്ങള്‍ക്ക് അത്ര പ്രധാനമല്ല. ട്രംപിന്റെ സ്ുപ്രധാനമായ പ്രഖ്യാപനമാണിത്. യു എസിന്റെ ഈ നീക്കം തുണിത്തരങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക കയറ്റുമതി എന്നിവയുടെ വില ഉയരാന്‍ സാധ്യതയുണ്ട്,
വ്യവസായി ഗൗതം അദാനിയുടെ അഴിമതി പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവെക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘രാജ്യത്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ നിശബ്ദനാണ് , വിദേശത്ത് ചോദിച്ചാല്‍ അത് വ്യക്തിപരമായ കാര്യമാണെന്ന് മറുപടി. ‘അമേരിക്കയില്‍ പോലും മോദി ജി അദാനി ജിയുടെ അഴിമതി മറച്ചുവച്ചു!’ രാഹുല്‍ ഗാന്ധി തന്റെ എക്‌സ് പോസ്റ്റില്‍ ആരോപിച്ചു. അതേസമയം, യുഎസിലെ സംയുക്ത വാര്‍ത്താ സമ്മേളനത്തിില്‍ അദാനിവിഷയത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ‘രണ്ട് നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ അത്തരം വ്യക്തിഗത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നാണ് എന്ന് മോദി പ്രതികരിച്ചത്.
അപമാനിതരായി ചങ്ങലയിട്ടു നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്മാരോടുള്ള യുഎസ് പെരുമാറ്റം, കുടിയേറ്റം, കാലാവസ്ഥാ നയങ്ങള്‍ തുടങ്ങിയ മറ്റ് നിര്‍ണായക വിഷയങ്ങളിലും ഇന്ത്യയുടെ ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രധാനമന്ത്രിയ്ക്കു ധൈര്യം ഉണ്ടാവുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. നാടുകടത്തപ്പെട്ടവരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ വെനിസ്വേലയെയും കൊളംബിയയെയും പോലെ ഇന്ത്യയും സ്വന്തം വിമാനം അയയ്ക്കുമെന്ന് മോദി ട്രംപിനോട് പറയുമോ? എന്ന് ജയറാം രമേശ് സംശയം പ്രകടിപ്പിച്ചു.
കാര്‍ഷികോല്‍പ്പന്നങ്ങളുടെയും ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകളുടെയും ഇറക്കുമതി തീരുവ കുറയ്ക്കല്‍, യുഎസ് സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനായി 2010 ലെ ആണവ നാശനഷ്ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യ യുഎസിന് അനുവദിച്ച ഇളവുകളെ അദ്ദേഹം വിമര്‍ശിച്ചു. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന വ്യാപാര നയങ്ങളെയും കുടിയേറ്റ നിലപാടിനെയും കുറിച്ചും ഇന്ത്യയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട് .