കോട്ടയം: ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിന് എതിരെ പ്രതിഷേധ സമരം നടത്തി കെ എസ് യു ജില്ല നേതൃത്വം. ഗാന്ധിനഗറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കോളേജിനു മുൻപിൽ പ്രതിഷേധിച്ചതിന് നിരവധി കെഎസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കേരളത്തിലെ കലാലയങ്ങളിൽ തുടരെത്തുടരെയായി നടക്കുന്ന റാഗിങ്ങിനെതിരെ സർക്കാർ യാതൊരു നടപടി സ്വീകരിക്കുന്നില്ലെന്നും, മറിച്ച് റാഗിംഗ് കേസുകളിൽ പ്രതികളായ എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റത് എന്നും നേതാക്കള്‍ പറഞ്ഞു. അതിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് കോട്ടയത്ത് റാഗിംഗ് നടന്ന ഗാന്ധിനഗറിലെ ഗവൺമെൻറ് നഴ്സിംഗ് കോളേജിലേക്ക് നടന്ന കെഎസ്യുവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം എന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
നഴ്സിംഗ് കോളേജിനു മുൻപിൽ നടന്ന കെഎസ്യുവിന്റെ സമരത്തിലേക്ക് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് അതിക്രൂരമായി സമരം പോലീസ് അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധിച്ച കെഎസ്യുവിന്റെ ജില്ലാ നേതാക്കളെ അടക്കം പോലീസ് റോഡിലൂടെ വലിച്ചു ഇഴച്ച് കൊണ്ടാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
പോലീസിന്റെ ഈ കാടത്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കെഎസ്യുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രതികളെ സംരക്ഷിക്കുന്ന സർക്കാരിൻ്റെയും, പോലീസിൻ്റെയും നടപടിക്കെതിരെ കെ എസ് യു പ്രവർത്തകർ നഗരം ചുറ്റി പ്രതിഷേധിച്ചാണ് വിഷയം ഗൗരവത്തില്‍ എത്തിച്ചത്. ഈ സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് കെ എസ് യുവിന്റെയും പ്രതിപക്ഷത്തിന്റെയും തീരുമാനം. കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കെ എസ് യു ആവശ്യപ്പെടുകയും ചെയ്തു.