രാഷ്ട്രപതിഭരണം: മണിപ്പൂര്‍ ഭരിക്കാന്‍ ബിജെപിയ്ക്ക് കഴിവില്ലെന്നു തെളിഞ്ഞതായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, February 14, 2025

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ മണിപ്പൂര്‍ ഭരിക്കാന്‍ ബിജെപിയ്ക്ക് കഴിവില്ലെന്നു തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് മണിപ്പൂര് സംസ്ഥാനത്തിനോടുള്ള ഉത്തരവാദിത്തം നിഷേധിക്കാന്‍ കഴിയില്ല. ഇനിയെങ്കിലും അദ്ദേഹം സംസ്ഥാനം സന്ദര്‍ശിക്കുമോ എന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള പദ്ധതി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ 2023ല്‍ ബാധിച്ച രാഷ്ട്രീയ അസ്ഥിരതയും വംശീയ അക്രമവും ഇപ്പോഴും തുടരുകയാണ്. 21 മാസമായി തുടരുന്ന അക്രമത്തിനും രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഒടുവിലാണ് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചത്. 250-ലധികം പേര്‍ക്കാണ് അക്രമത്തില്‍ ജീവന്‍ നഷ്ടമായത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് മണിപ്പൂര്‍ ഗവര്‍ണര്‍ അയച്ചതിന് ശേഷമാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തത്.

‘ഗവര്‍ണറുടെ റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും പരിഗണിച്ച ശേഷം, ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി ആ സംസ്ഥാനത്തെ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത ഒരു സാഹചര്യം സംജാതമായിട്ടുണ്ടെന്ന് വ്യക്തമാകുന്നു. രാഷ്ട്രപതിയുടെ വിജ്ഞാപനത്തില്‍ പറയുന്നു. അതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നല്‍കുന്ന അധികാരങ്ങളും, അതിനു പ്രാപ്തമാക്കുന്ന മറ്റെല്ലാ അധികാരങ്ങളും വിനിയോഗിച്ചുകൊണ്ട്, മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും രാഷ്ട്രപതി സ്വയം ഏറ്റെടുക്കുന്നുവെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു, രാഷ്ട്രപതിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.