ആലപ്പുഴ: ചേർത്തലയിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവതി വീണു മരിച്ച സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയിൽ. അച്ഛന്റെ മർദ്ദനത്തിലാണ് വീണ് പരിക്കേറ്റതെന്ന് മകളുടെ മൊഴി പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചേർത്തല നഗരസഭ 9ആം വാർഡ് പണ്ടകശാലപ്പറമ്പിൽ സോണിയുടെ ഭാര്യ 46 വയസുള്ള സജിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മരണത്തിനു ശേഷം മകൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. സോണിയുടെ മർദ്ദനത്തിലാണ് സജിയ്ക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയിൽ പറയുന്നു. ചേർത്തല പോലീസ് സോണിയെ കസ്റ്റഡിയിലെടുത്തു. ചേർത്തലയിലെ സജിയുടെ അസ്വഭാവിക മരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു മരിച്ച സജിയുടെ ശവസംസ്കാരം. സജിയുടെ മകളുടെ പരാതിയില്‍ മൃതദേഹം പുറത്തെടുക്കാൻ ആർഡിഒയുടെ അനുമതിക്കായി പൊലീസ് കത്തു നൽകി.